ഇനി അവൻ സ്വർഗത്തിലെ മൈതാനങ്ങളിൽ പന്തുതട്ടിക്കളിക്കട്ടെ

മലപ്പുറം: ഞായറാഴ്ച രാവിലെയും അവനെ കുറിച്ച അന്വേഷണങ്ങൾക്ക് പ്രതീക്ഷയുള്ള മറുപടികളായിരുന്നു ആരോഗ്യവകുപ്പ് നൽകിയത്. നിപ ബാധിച്ച 14 കാരന് രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്‍റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും എത്തിയപ്പോളേകും അവൻ വിടപറഞ്ഞു. നിപ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ 21-ാമനായി അവൻ ഇനി ഓർമകളിലേക്ക്.

മരണം വരിഞ്ഞുമുറുക്കുന്ന വൈറസ് അവനിലേക്കെത്തിയതെപ്പോഴായിരുന്നു എന്ന അന്വേഷണത്തിലാണ് നാട്. ഈ വൈറസിന്റെ പിടിയിൽ ഇനിയാരും അകപ്പെടരുതേ എന്ന പ്രാർഥനയിലും. നിപയാണെന്ന് സംശയിച്ചതോടെ പരിശോധനാഫലം നെഗറ്റീവ് ആവണേ എന്നായിരുന്നു പ്രാർഥന. പക്ഷെ ശനിയാഴ്ച വൈകുന്നേരം ആ പ്രയാസകരമായ വാർത്തയെത്തി. അവന് നിപ വൈറസ് തന്നെയെന്ന് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്ഥിരീകരണം വന്നു.

അതുകഴിഞ്ഞ് 16 മണിക്കൂറായപ്പോഴേക്കും അവന്റെ മരണവാർത്തയും സ്ഥിരീകരിച്ചു. നാടിന്റെ നെഞ്ചകങ്ങളിൽ അവൻ പന്തു തട്ടിക്കളിക്കുന്ന വീഡിയോ നിറഞ്ഞുകിടക്കുകയാണ്. ഫുട്ബാളായിരുന്നു അവന്റെ സിരകളിലെ ഊർജമെന്ന് അവന്റെ ഇൻസ്റ്റയിൽ നിന്ന് വായിക്കാം. ഇനി അവൻ സ്വർഗത്തിലെ മൈതാനങ്ങളിൽ പന്തുതട്ടിക്കളിക്കട്ടെ.

ഞായറാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണ ജോർജുമായി മാധ്യമപ്രവർത്തകർ സംസാരിക്കുമ്പോൾ ആ മോന്റെ കാര്യത്തിൽ പ്രതീക്ഷ വെടിയേണ്ട, മരുന്ന് എത്തുന്നു എന്നെല്ലാം അറിയിച്ചിരുന്നു. ഒടുവിൽ ഉച്ചയോടെ മാധ്യമങ്ങളെ വീണ്ടും വിളിച്ച് മന്ത്രി ആ ദുഃഖവാർത്ത നാടിനെ അറിയിച്ചു. പ്രോട്ടോക്കാൾ അനുസരിച്ച് ഖബറടക്കത്തിനുള്ള നടപടികൾ ആരംഭിച്ചു.

Tags:    
News Summary - let him play the football in heaven - Story about Pandikkad native student who died of Nipah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.