തിരുവനന്തപുരം: കോർപറേഷനിലെ താൽക്കാലിക ജീവനക്കാരായി പാർട്ടിക്കാരെ നിയമിക്കാൻ കത്ത് നൽകിയെന്ന വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെ കൈവിടാതെ സി.പി.എം. മേയർ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ല, സംസ്ഥാന നേതൃത്വം. പ്രശ്നപരിഹാരത്തിന് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം തുടരുകയാണ്.
നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് വിട്ടതിന് പിന്നാലെ കത്ത് പുറത്തായതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കാൻ ജില്ല നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നിർദേശം നൽകി. ജില്ല ആസ്ഥാനത്ത് നേതാക്കൾ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സി.പി.എമ്മിലെ വിഭാഗീയതയാണ് വിവാദങ്ങൾക്ക് പിന്നിലെന്ന സംശയം ശക്തമാണ്. കത്ത് താൻ എഴുതിയതല്ലെന്ന് മേയർ വിശദീകരിക്കുമ്പോഴും വിശ്വാസ്യതയെക്കുറിച്ച് വ്യക്തത വരുത്താൻ സി.പി.എം നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല.
പിൻവാതിൽ നിയമനം സി.പി.എമ്മിെന്റയോ എൽ.ഡി.എഫിെന്റയോ അജണ്ടയല്ലെന്നും ഇത്തരത്തിൽ കത്തെഴുതുന്നത് സി.പി.എമ്മിന്റെ രീതിയല്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു. മേയർ രാജിവെക്കേണ്ട സാഹചര്യമില്ല. കത്ത് സംബന്ധിച്ച് ഏത് അന്വേഷണവും നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റേതും. വിവാദത്തിൽ മേയർ രാജിവെക്കേണ്ട സാഹചര്യമില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടക്കും. മേയർ എഴുതിയെന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ല. വിവാദവുമായി ബന്ധപ്പെട്ട് മേയറോട് സംസാരിച്ചിരുന്നതായും ആനാവൂർ നാഗപ്പൻ പറഞ്ഞു. ജില്ല ആസ്ഥാനത്തെത്തി സി.പി.എം നേതാക്കൾക്ക് മുന്നിലും മുഖ്യമന്ത്രിയെ നേരിൽ കണ്ടും ആര്യ രാജേന്ദ്രൻ വിശദീകരണം നൽകിയിട്ടുണ്ട്.
നേതൃത്വം ഇതു പറയുമ്പോഴും കത്ത് പുറത്തുവന്നത് സി.പി.എമ്മിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. പലയിടങ്ങളിലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. പാർട്ടി അംഗത്തിനെതിരെ നടപടിയുണ്ടാകുകയോ പൊലീസ് അന്വേഷണത്തിലേക്ക് പോകുകയോ ചെയ്താൽ കുരുക്കാകുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. വിഷയത്തെ രാഷ്ട്രീയമായി നേരിടാനാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.