കൊച്ചി: കാർഷിക സർവകലാശാലയിൽ യോഗ്യരായ ലൈബ്രേറിയന്മാരെ അധ്യാപകർക്ക് തുല്യരാക്കി വിരമിക്കൽ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സർവകലാശാലയുടെ പുനഃപരിശോധനക്കുവിട്ട് ഹൈകോടതി. െഎ.സി.എ.ആർ മാർഗനിർദേശ പ്രകാരം വിദ്യാർഥികൾക്ക് ക്ലാസുകൾ എടുക്കുന്നവരെന്ന നിലയിൽ മതിയായ യോഗ്യതയുള്ള അസി. ലൈബ്രേറിയന്മാരെ അധ്യാപകരായി കാണണമെന്നും വിരമിക്കൽ പ്രായം 60 ആക്കി വർധിപ്പിക്കണമെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർവകലാശാല നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
സർവകലാശാലയുടെ എക്സി. കമ്മിറ്റി വിഷയം പുനഃപരിശോധിച്ച് ഇക്കാര്യത്തിൽ മൂന്നുമാസത്തിനകം തീരുമാനമെടുത്ത് ഉത്തരവിറക്കണമെന്നാണ് നിർദേശം. നിലവിൽ അസി. ലൈബ്രേറിയന്മാരെ അനധ്യാപകരായാണ് കണക്കാക്കുന്നത്. അതിനാൽ, കേരള സർവിസ് റൂൾസ് പ്രകാരമുള്ള വിരമിക്കൽ പ്രായമായ 56 ആണ് ഇവർക്കും ബാധകം. എന്നാൽ, ഹൈകോടതി ഉത്തരവിനെ തുടർന്ന് ഇവരിൽ യോഗ്യരായ ചിലരെ അധ്യാപകർക്ക് തുല്യരാക്കുകയും വിരമിക്കൽ പ്രായം വർധിപ്പിച്ചുനൽകുകയും ചെയ്തു.
2010ൽ ഡോ. അമ്പിളിക്ക് അനുകൂലമായി കോടതിയുടെ ഉത്തരവുണ്ടായി. ഇതേ വിധി നടപ്പാക്കിക്കിട്ടാൻ തങ്ങൾക്കും അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അസി. ലൈബ്രേറിയൻ ഡോ. കെ.ആർ. സരളയടക്കമുള്ളവർ നൽകിയ ഹരജിയിലാണ് അനുകൂല ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.