കൊച്ചി: ലൈഫ് മിഷന് പദ്ധതി ക്രമക്കേട് സംബന്ധിച്ച പരാതിയിൽ സി.ബി.ഐ അന്വേഷണം തുടരട്ടെയെന്ന് ഹൈകോടതി. അന്വേഷണവുമായി ലൈഫ് മിഷൻ സഹകരിക്കണമെന്നും ഇതുസംബന്ധിച്ച നിർദേശം സർക്കാർ നൽകണമെന്നും ജസ്റ്റിസ് വി.ജി. അരുൺ വാക്കാൽ നിർദേശിച്ചു.
രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഏജൻസിയുടെ സി.ഇ.ഒ.ക്ക് സി.ബി.ഐ നൽകിയ നോട്ടീസിൽ നിർബന്ധിത നടപടി പാടില്ലെന്ന് ഉത്തരവിടണമെന്ന ലൈഫ് മിഷെൻറ ആവശ്യം കോടതി അനുവദിച്ചില്ല. ഈ ഘട്ടത്തിൽ അന്വേഷണത്തിലും നടപടികളിലും ഇടപെടുന്നില്ലെന്നും കൂടുതൽ വിശദാംശങ്ങൾ ലഭിച്ചശേഷം വീണ്ടും പരിഗണിക്കാമെന്നും വ്യക്തമാക്കിയ സിംഗിൾ ബെഞ്ച്, ഹരജി അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ നൽകിയ പരാതിയും ഇതിെൻറ അടിസ്ഥാനത്തിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിഡിയോ കോൺഫറൻസിലൂടെ നടന്ന നടപടികളിൽ ഹരജിക്കാർക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനാണ് ഹാജരായത്. പ്രത്യേക ദൂതൻ മുഖേന എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ കോടതി നിർദേശിച്ചു.
വിദേശ സഹായ നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്ര സർക്കാറിന് അധികാരമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. പരാതിയിൽ പ്രാഥമികാന്വേഷണംപോലും നടത്താതെയാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതിനാൽ, ഈ പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാർ സഹായം ലഭിക്കാതെ യൂനിടാക്കിനും സാൻ വെഞ്ച്വേഴ്സിനും പണം കിട്ടുന്നതെങ്ങനെയെന്ന് കോടതി ആരാഞ്ഞു. അതിനാൽ, സർക്കാർ സഹായം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലേയെന്നും ചോദിച്ചു. എന്നാൽ, അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും യൂനിടാകിനും സാൻ വെഞ്ച്വേഴ്സിനും പണം ലഭിച്ചെന്ന് സർക്കാർ സമ്മതിക്കുന്ന സാഹചര്യത്തിൽ ഇതെങ്ങനെ ലഭിച്ചുവെന്നതാണ് അന്വേഷിക്കുന്നതെന്നും സി.ബി.ഐ പറഞ്ഞു. ഇതിൽ സർക്കാറിനോ ഉദ്യോഗസ്ഥർക്കോ പങ്കുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേസ് റദ്ദാക്കണമെന്ന ഹർജി അപക്വവും നിലനിൽക്കാത്തതുമാണെന്നും സി.ബി.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.