ലൈഫ് മിഷൻ കോഴക്കേസ്: അറസ്റ്റിലായ എം. ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ജില്ല ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷമാകും കോടതിക്ക് മുൻപിലെത്തിക്കുക. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിന്‍റെ മൂന്നാമത്തെ അറസ്റ്റാണിത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡിയുടെ കൊച്ചി ഓഫിസിൽ വെള്ളി ,തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 31ന് ആണ് ശിവശങ്ക‍‍ർ സ‍ർവീസിൽ നിന്ന് വിരമിച്ചത്.

കഴിഞ്ഞ മൂന്നു ദിവസമായി തുടർന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ രാത്രി 11.45ഓടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തു​കയായിരുന്നു. യു.എ.ഇയുടെ സഹായത്തോടെ നിർധനർക്കായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള കരാർ യൂണിടാക്കിന് കിട്ടാൻ കോഴ വാങ്ങി എന്നതാണ് കേസ്. കരാർ ലഭിക്കാൻ, 4.48 ലക്ഷം രൂപ കോഴയായി നൽകിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റേയും സ്വപ്ന സുരേഷിന്‍റെയും പേരിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയത് ശിവശങ്കറിന് തിരിച്ചടിയായി. ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലും ഇഡിയോട് ശിവശങ്കർ സഹകരിച്ചില്ലെന്നാണ് പറയുന്നത്. ലോക്കറിനെ കുറിച്ച് അറിയില്ലെന്നും ആരോപണങ്ങൾ കെട്ടുകഥയാണെന്നാണ് ശിവശങ്കർ പറയുന്നത്. ഇ​തെസമയം, ശിവശങ്കറിനെതിരായ കൃത്യമായ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. അറസ്റ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് അനിൽക്കര പറഞ്ഞു. 

Tags:    
News Summary - Life Mission corruption case: Arrested M. Sivashankar will be produced in court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.