കൊച്ചി: പ്രളയത്തെ തുടർന്ന് വീടുകൾ െവച്ച് നൽകാനുള്ള പദ്ധതിയുടെ മറവിൽ വിദേശസഹായം സ്വീകരിക്കാനുള്ള അധോലോക ഇടപാടാണ് വടക്കാഞ്ചേരി ൈലഫ് മിഷനിൽ നടന്നതെന്ന് സി.ബി.ഐ ഹൈകോടതിയിൽ. യൂനിടാക് വ്യാജ കമ്പനിയാണ്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തേണ്ടതുണ്ട്.
വടക്കാഞ്ചേരി പദ്ധതിയുടെ കരാർ ദുരൂഹ രീതിയിലാണ്. യൂനിടാക്കിന് കരാർ ലഭിച്ചത് ടെൻഡർ വഴിയല്ലെന്നും കരാറിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു. എന്നാൽ, കൈക്കൂലി വാങ്ങിയെന്ന ആരോപണം അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ടതായതിനാൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും സംസ്ഥാന സർക്കാർ അനുമതിയില്ലാതെ നടക്കുന്ന സി.ബി.ഐ അന്വേഷണം ഫെഡറൽ ഘടന തകർക്കുന്നതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ലൈഫ് മിഷനുവേണ്ടി വീട് നിർമിക്കാൻ സഹായം നൽകുന്നു എന്ന ധാരണപത്രത്തിലെ പരാമർശം സർക്കാർ ഏജൻസിയായ ലൈഫ് മിഷന് വിദേശസഹായം ലഭിച്ചെന്ന് വ്യക്തമാക്കുന്നതാണെന്ന് പരാതിക്കാരനായ അനിൽ അക്കര എം.എൽ.എയും വിദേശസഹായ നിയന്ത്രണ നിയമത്തിെൻറ പരിധിയിൽ നിർമാണക്കമ്പനിയായ തങ്ങൾ വരില്ലെന്ന് യൂനിടാക്കും വ്യക്തമാക്കി. സി.ബി.ഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും യൂനിടാക്കും നൽകിയ ഹരജികളുടെ വാദത്തിനിടെയാണ് കക്ഷികൾ നിലപാട് അറിയിച്ചത്. വാദം പൂർത്തിയാക്കിയ ജസ്റ്റിസ് വി.ജി. അരുൺ ഹരജികൾ വിധി പറയാൻ മാറ്റി.
സംസ്ഥാനത്തെ അഴിമതിയാരോപണങ്ങളിൽ സി.ബി.ഐക്ക് അന്വേഷണ അനുമതി നൽകി 2017ൽ സർക്കാർ വിജ്ഞാപനമുണ്ട്. അതിനാൽ ഒാരോ കേസിലും പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്ന് സി.ബി.ഐ അറിയിച്ചു. എഫ്.ഐ.ആർ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ തയാറാണ്. ഇത് പരിശോധിച്ചാൽ വഴിവിട്ട നടപടികൾ ബോധ്യമാവും- സി.ബി.ഐ വ്യക്തമാക്കി.
വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാറോ ജീവനക്കാരോ വിദേശസഹായം സ്വീകരിച്ചിട്ടില്ല. പണം മൂന്ന് ബാങ്ക് അക്കൗണ്ടിലായി യൂനിടാക്, സാൻ വെഞ്ച്വേഴ്സ് എന്നീ കമ്പനികൾക്കാണ് നൽകിയത്. കള്ളപ്പണം വെളുപ്പിക്കലോ ഹവാല ഇടപാടോ അല്ല. അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണമുണ്ട്. സി.ബി.ഐ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത എഫ്.ഐ.ആറിൽ മൂന്നാം പ്രതി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥരെന്ന് പറയുേമ്പാൾ കോടതിയിൽ ലൈഫ് മിഷനിലെ ഉദ്യോഗസ്ഥരെന്നാണ് പറയുന്നത്. മാധ്യമ, രാഷ്ട്രീയ, ജുഡീഷ്യറി മേഖലയിലുള്ളവർക്കാണ് വിദേശസഹായ നിയന്ത്രണ നിയമം ബാധകമാവുക. അതിനാൽ, ഈ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.