മലപ്പുറം: എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ തോക്ക് ലൈസൻസിന് അപേക്ഷ നൽകി അൻവർ എം.എൽ.എ.
പൊലീസ് സേനയിലെ ഉന്നതർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് തോക്ക് ലൈസൻസിനായി മലപ്പുറം കലക്ടർക്ക് അപേക്ഷ നൽകിയത്. ജില്ല കലക്ടറുടെ ചേമ്പറിൽ നേരിട്ടെത്തിയാണ് എം.എൽ.എ അപേക്ഷ നൽകിയത്.
താൻ ഉന്നയിച്ച ആരോപണങ്ങൾ മൂലം അവർക്ക് പകയും വിദ്വേഷവും ഉണ്ടായിട്ടുണ്ട്. തന്നെ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് അപേക്ഷ നൽകിയത്.
തുടർച്ചയായ രണ്ടാം ദിനവും എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് അൻവർ എം.എൽ.എ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് സമീപം എ.ഡി.ജി.പി എം.ആർ. അജിത് കുമാർ 12,000 സ്ക്വയർ ഫീറ്റിൽ 'കൊട്ടാരം' പണിയുന്നുവെന്നാണ് ഇന്ന് ഉന്നയിച്ച് പ്രധാന ആരോപണം.
10 സെന്‍റ് ഭൂമി എം.ആർ. അജിത്ത് കുമാറിന്‍റെ പേരിലും 12 സെന്‍റ് അദ്ദേഹത്തിന്‍റെ അളിയന്‍റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്. 60 മുതൽ 75 ലക്ഷം വരെയാണ് കവടിയാർ കൊട്ടാരത്തിന് സമീപം ഭൂമിവിലയെന്നും അൻവർ പറഞ്ഞു. ഒരു അഴിമതിയും കള്ളക്കച്ചവടവും ഇല്ലെന്ന് പറയുന്ന പൊലീസ് ഓഫിസറാണ് ഇത്ര ചെലവേറിയ വീടുണ്ടാക്കുന്നതെന്നും അൻവർ പറഞ്ഞു.
സോളാർ കേസ് അട്ടിമറിച്ചതിൽ എ.ഡി.ജി.പി അജിത്കുമാറിനു പങ്കുണ്ടെന്നും എടവണ്ണയിൽ റിദാൻ എന്ന ചെറുപ്പക്കാരൻ തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ നിരപരാധിയെ കുടുക്കിയെന്നും അൻവർ പറഞ്ഞു. കേസിൽ പ്രതിയായി പൊലീസ് കുറ്റപത്രം കൊടുത്തിട്ടുള്ള ഷാൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നാണ് കൊല്ലപ്പെട്ട റിദാന്‍റെ ഭാര്യ പറഞ്ഞത്. കൊല്ലപ്പെട്ടതിന്‍റെ പിറ്റെ ദിവസം റിദാന്‍റെ ഭാര്യയോട് വളരെ മോശമായാണ് പൊലീസ് പെരുമാറിയത്.
ഷാനുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് സമ്മതിക്കണമെന്നാണ് പൊലീസ് പറഞ്ഞത്. ഇതേതുടർന്ന് റിദാനെ ഷാൻ വെടിവെച്ച് കൊന്നെന്ന് പറയണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇത് പറയാൻ റിദാന്‍റെ ഭാര്യയെ നിർബന്ധിച്ചു. പറഞ്ഞില്ലെങ്കിൽ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി. റിദാന്‍റെ ഭാര്യ അത് സമ്മതിക്കാൻ തയാറായില്ല. താൻ ജയിലിലേക്ക് പോകാമെന്നാണ് അവർ പറഞ്ഞതെന്നും കേസിൽ പൊലീസ് കള്ളക്കഥകൾ ചമക്കുകയാണെന്നും അൻവർ ആരോപിച്ചു.
എ.ഡി.ജി.പി അജിത് കുമാറിനെതിരെ കൊലപാതകമടക്കമുള്ള അതീവ ഗുരുതര കുറ്റങ്ങൾ ഇന്നലെയും അൻവർ ഉയർത്തിയിരുന്നു. എ.ഡി.ജി.പിയെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാജയമാണെന്നും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.