അടിമാലി (ഇടുക്കി): താലൂക്ക് ആശുപത്രിയില്‍ തകരാറിലായ ലിഫ്റ്റ് നന്നാക്കാൻ നടപടിയില്ല. ഒരുമാസം മുമ്പാണ് തകരാറിലായത്. റാമ്പ് സൗകര്യം ഇല്ലാത്ത ആശുപത്രിയിൽ നടയിലൂടെ ചുമന്നാണ് ഇപ്പോൾ രോഗികളെ വാർഡിലേക്കും വിവിധ പരിശോധനക്കായി ഡോക്ടർമാരുടെ അടുത്തേക്കും കൊണ്ടുപോകുന്നത്.
അഞ്ചു നിലകളിലെ പുതിയ ബ്ലോക്കിലാണ് ലിഫ്റ്റുള്ളത്. വനിതകളുടെയും പുരുഷന്മാരുടെയും വാർഡും ഫാർമസിയും ലാബും കാഷ്യാലിറ്റിയുമടക്കം താലൂക്ക് ആശുപത്രിയുടെ പ്രധാനപ്പെട്ട എല്ലാ സംവിധാനവും ഇവിടെയാണ് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് തകരാറിലായതോടെ ആശുപത്രി പ്രവർത്തനവും തകരാറിലായി. വയോധിക ദമ്പതികൾ തകരാറിലായ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി ലിഫ്റ്റ് പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. സംഭവം നടന്ന് മാസം കഴിഞ്ഞിട്ടും ശരിയാക്കാൻ നടപടിയില്ല. ഇതാദ്യമായല്ല അടിമാലി താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റ് പണിമുടക്കുന്നത്.
മുമ്പും സമാന രീതിയില്‍ ലിഫ്റ്റിനുള്ളില്‍ പലരും കുടുങ്ങിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത ലിഫ്റ്റാണ് ആശുപത്രിക്കുള്ളില്‍ സ്ഥാപിച്ചതെന്ന പരാതി നിര്‍മാണ കാലയളവിൽ തന്നെ ഉയർന്നിരുന്നു. ലക്ഷങ്ങള്‍ മുടക്കി പണി പൂര്‍ത്തീകരിച്ച ആശുപത്രി കെട്ടിടത്തിനുള്ളില്‍ റാമ്പ് നിര്‍മിച്ചിട്ടില്ല. റാമ്പില്ലാത്ത കെട്ടിടമെന്ന നിലയില്‍ ഒരു ലിഫ്റ്റുകൂടി അധികമായി സ്ഥാപിക്കണമെന്ന രോഗികളുടെ ആവശ്യത്തിനും ബന്ധപ്പെട്ടവര്‍ നാളിതുവരെ ചെവികൊടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.