കെ.പി.സി.സി അംഗങ്ങളുടെ പട്ടിക: ഉമ്മൻ ചാണ്ടി-രമേശ് കൂട്ടുകെട്ടിനെ വെട്ടി ഔദ്യോഗികപക്ഷം

കോട്ടയം: കെ.പി.സി.സി അംഗങ്ങളുടെ പട്ടിക പുറത്തുവന്നതോടെ ജില്ലയിലെ ഉമ്മൻ ചാണ്ടി, ചെന്നിത്തല അനുകൂലികൾ അതൃപ്തിയിൽ. രമേശ് ചെന്നിത്തലയെ ഒപ്പം ചേർത്തിട്ടും സ്വന്തം ജില്ലയിൽ ഉമ്മൻ ചാണ്ടിക്ക് വൻതിരിച്ചടി. വർഷങ്ങളായി ഉമ്മൻ ചാണ്ടി പക്ഷത്തിനുണ്ടായിരുന്ന മേധാവിത്വം നഷ്ടമായതിനൊപ്പം വിരലിലെണ്ണാവുന്നവരിൽ ഒതുങ്ങി ഇവരുടെ പ്രാതിനിധ്യം.

ജില്ലയിലെ പുതിയ 18 കെ.പി.സി.സി അംഗങ്ങളിൽ 11 പേര്‍ കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. നേരത്തെ 'എ' ഗ്രൂപ്പിന്‍റെ ഭാഗമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ജില്ലയിൽ ഈ ഗ്രൂപ്പിനെ നായകത്വം ഏറ്റെടുത്തതും 'എ'ക്ക് തിരിച്ചടിയായി. പി.എസ്. രഘുറാം, ജോസി സെബാസ്റ്റ്യന്‍, ഫില്‍സണ്‍ മാത്യൂസ്, മോഹന്‍ ഡി. ബാബു, അജീസ് ബെന്‍ മാത്യു, പി.എ. സലിം, ജോസഫ്, വി.പി. സജീന്ദ്രന്‍, തോമസ് കല്ലാടന്‍, ജാന്‍സ് കുന്നപ്പള്ളി എന്നിവരാണ് ഔദ്യോഗിക പക്ഷത്തുനിന്നുള്ളവര്‍.

ചാണ്ടി ഉമ്മന്‍, കെ.സി. ജോസഫ്, ജോഷി ഫിലിപ്പ് എന്നിവര്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടി വിഭാഗത്തിൽനിന്നുള്ളത്. ഫിലിപ്പ് ജോസഫ്, ജോസഫ് വാഴക്കന്‍ എന്നിവരാണ് രമേശ് ചെന്നിത്തല അനുകൂലികൾ. കുര്യന്‍ ജോയി, ആന്‍റോ ആന്‍റണി, ടോമി കല്ലാനി എന്നിവര്‍ ഒരു ഗ്രൂപ്പിലുമില്ലാതെ മാറി നില്‍ക്കുകയാണ്.പതിറ്റാണ്ടുകളായി 'എ' ഗ്രൂപ് അടക്കിഭരിച്ചിരുന്ന ജില്ലയാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. എ ഗ്രൂപ്പിലെ പിളർപ്പാണ് ഇവരുടെ ശക്തി ചോർത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന തിരുവഞ്ചൂർ അടക്കം വലിയൊരു നേതൃനിര ഔദ്യോഗിക പക്ഷത്തേക്ക് നീങ്ങി.

പ്രതിപക്ഷ നേതാവിന്‍റെയും കെ.പി.സി.സി പ്രസിഡന്റിന്‍റെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ജില്ലയിലും ഔദ്യോഗിക പക്ഷം മേൽക്കൈ നേടാന്‍ കാരണമായത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ കെ.സി. വേണുഗോപാലുമായി ചേര്‍ന്നു നീക്കം ആരംഭിച്ചതോടെ എ ഗ്രൂപ്പിലെ പ്രമുഖരിലേറെയും ഈ പക്ഷത്തേക്ക് അടുക്കുകയായിരുന്നു. മരിച്ചവരെയും പ്രായാധിക്യമുള്ളവരെയും ഒഴിവാക്കിയുള്ള പുതിയ പട്ടികയിൽ ജില്ലയിൽനിന്ന് അഞ്ചുപേരാണ് ഇടംപിടിച്ചിരിക്കുന്നത്. ഒഴിഞ്ഞവർക്കും മരിച്ചവർക്കും പകരം അതേഗ്രൂപ്പുകാരെ ഉൾപ്പെടുത്തുകയെന്ന ഫോർമുലക്കായിരുന്നു ധാരണ. എന്നാൽ, ഇത് അട്ടിമറിച്ചതായി രമേശ്-ഉമ്മൻ ചാണ്ടി അനുകൂലികൾ പറയുന്നു.

പ്രായാധിക്യത്തെ തുടർന്ന് രാധ വി. നായർ, എൻ.എം. താഹ എന്നിവരെയാണ് ഒഴിവാക്കിയത്. ഇതിനു പുറമെ, കോൺഗ്രസ് വിട്ട ലതിക സുഭാഷ്, മരണപ്പെട്ട വി.വി. സത്യൻ, എം.എം. ജേക്കബ് എന്നിങ്ങനെയാണ് ഒഴിവുകൾ.രാധ വി. നായർ, എൻ.എം. താഹ, ലതിക സുഭാഷ് എന്നിവർ 'എ' ഗ്രൂപ്പുകാരായിരുന്നതിനാൽ ഇവർക്ക് പകരം ഇതേ ഗ്രൂപ്പുകാരായ കെ.സി. ജോസഫ്, ചാണ്ടി ഉമ്മൻ, ജോഷി ഫിലിപ്പ് എന്നിവർ കെ.പി.സി.സി സമിതിയിലെത്തി. കോൺഗ്രസ് പാർലമെന്‍റിപാർട്ടി അംഗമെന്ന നിലയിലായിരുന്നു നേരത്തേ കെ.സി. ജോസഫ് കെ.പി.സി.സി അംഗമായത്.

ഇത്തവണ എം.എൽ.എ അല്ലാത്തിനാൽ വൈക്കത്തെ എൻ.എം. താഹയുടെ ഒഴിവിലാണ് അദ്ദേഹം ഇടംപിടിച്ചത്.രാധ വി. നായർക്ക് പകരം ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ലതിക സുഭാഷിന് പകരം മുൻ ഡി.സി.സി പ്രസിഡന്‍റ് കൂടിയായ ജോഷി ഫിലിപ്പും കെ.പി.സി.സിയിലെത്തി.കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെ നോമിനിയായി ചങ്ങനാശ്ശേരിയിൽനിന്നുള്ള അജീസ് ബെൻ മാത്യൂസും കെ.സി. വേണുഗോപാലന്‍റെ നോമിനിയായി മോഹൻ ഡി. ബാബുവുമാണ് പുതിയതായി എത്തിയ മറ്റ് രണ്ടുപേർ.

മരണപ്പെട്ട വി.വി. സത്യന് പകരമാണ് മോഹൻ ഡി. ബാബു എത്തിയത്. അന്തരിച്ച വി.വി. സത്യനും എം.എം. ജേക്കബും ചെന്നിത്തലക്കൊപ്പം നിലയുറപ്പിച്ചവരായിരുന്നു.എന്നാൽ, ഇവർക്ക് പകരം സ്വന്തം പക്ഷത്തുള്ളവരെ കെ.സി. വേണുഗോപാലും സുധാകരനും ഉൾപ്പെടുത്തിയെന്നാണ് ചെന്നിത്തലയെ അനുകൂലിക്കുന്നവർ പരാതിപ്പെടുന്നത്.

Tags:    
News Summary - List of KPCC members: Oommen Chandy-Ramesh coalition cut official party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.