കപട ആത്മീയത ആഘോഷിക്കപ്പെടുന്നു –ടി. പദ്മനാഭന്‍



തിരൂര്‍: കപട ആത്മീയത ആഘോഷിക്കപ്പെടുന്ന ലോകമായി നമ്മുടെ നാട് മാറിയെന്ന മുഖവുരയോടെ മലയാളിയുടെ പ്രിയ കഥാകാരന്‍ ടി. പദ്മനാഭന്‍ തുടക്കമിട്ട ‘ആത്മീയതയും സാഹിത്യവും’ എന്ന ചര്‍ച്ചയില്‍ നിറഞ്ഞത് പുത്തന്‍ ആത്മീയാന്വേഷണ വിചാരങ്ങള്‍. പൊള്ളയായ അനുഷ്ഠാനങ്ങളാണ് പലരും പിന്തുടരുന്നതെന്ന് പദ്മനാഭന്‍ പറഞ്ഞു. ആത്മീയത എന്താണെന്ന് തിരിച്ചറിഞ്ഞ സ്വാമി വിവേകാനന്ദന്‍ യുവാക്കളോട് പറഞ്ഞത് അമ്പലങ്ങളിലേക്ക് പോകുന്നതിന് പകരം കളിസ്ഥലങ്ങളിലേക്ക് പോകാനാണ്. ഇക്കാലത്ത് ഏറ്റവും അധികം സ്വാര്‍ഥത നിറഞ്ഞ വാക്കായി ആത്മീയത മാറി.
സാഹിത്യോത്സവങ്ങളില്‍പോലും ക്രിമിനലുകളായ കപട ആത്മീയവാദികള്‍ക്ക് വേദി ലഭിക്കുന്ന അവസ്ഥയായി. ആത്മീയ ആചാര്യന്മാര്‍ക്ക് പത്മ അവാര്‍ഡുകള്‍ വെച്ചുനീട്ടുന്ന ഭരണകൂടമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.ആത്മീയത സ്വാതന്ത്ര്യത്തിന്‍െറ അനുഭൂതിയാണെന്ന് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. എന്നാല്‍, അത് സ്വാതന്ത്ര്യത്തെക്കുറിച്ച അനുഭവമോ അറിവോ അല്ല. പകരം മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളിലൂടെയാണ് അത് ആവിഷ്കരിക്കപ്പെടേണ്ടത്. സൂക്ഷ്മമായ സര്‍ഗാത്മകതയിലും എഴുത്തിലും ആത്മീയതയുണ്ട്. യുദ്ധത്തിനപ്പുറത്തുള്ള ലോകത്തേക്ക് മനുഷ്യനെ പലപ്പോഴും കൂട്ടിക്കൊണ്ടുപോകുന്നത് ആത്മീയതയാണെന്നും കെ.ഇ.എന്‍ പറഞ്ഞു. മതങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ആത്മീയത ചര്‍ച്ച ചെയ്യുന്നതെന്ന് കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മരണാനന്തരം സ്വര്‍ഗീയജീവിതങ്ങള്‍ ഉണ്ടെന്ന് പറയുന്നതരം ആത്മീയതയാണ് മതങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

എന്നാല്‍, എഴുത്തിലെ ആത്മീയത സഹജീവികളെയും മുഴുവന്‍ ചരാചരങ്ങളെയും സ്നേഹിക്കുന്നതാണ്. മതങ്ങളും ജാതികളും വേണ്ടെന്ന് പറഞ്ഞ ഗുരുവിനെ അടയാളപ്പെടുത്താതെ പോകുന്നുവെന്നും മഹത്വവത്കരിക്കപ്പെട്ട സാഹിത്യഗ്രന്ഥമാണ് മത ഗ്രന്ഥങ്ങളെന്ന ധാരണ മൂഢത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപഹരിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിനുനേരെ പ്രതിരോധിക്കലാണ് കല എന്ന് വി.എ. കബീര്‍ പറഞ്ഞു. കമ്പോള ആത്മീയതയുടെ പ്രചാരകരല്ലാത്തവര്‍ മനുഷ്യന്‍െറ ആത്മീയതക്കായാണ് പോരാടിയത്. സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ പലതും ബലികൊടുക്കേണ്ടിവരും. അങ്ങനെയൊരു ഘട്ടത്തില്‍ സ്വാതന്ത്ര്യം പിടിച്ചെടുക്കുന്നതാണ് ആത്മീയത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും ഭൗതിക ജീവിതം പുലര്‍ത്തിയിരുന്ന തന്നെ ആത്മീയ ജീവിതത്തിലേക്ക് നയിച്ചത് ജയില്‍ ജീവിതമാണെന്ന് ഗ്രന്ഥകര്‍ത്താവായ പി.എന്‍. ദാസ് അനുസ്മരിച്ചു. സാഹിത്യവും ആത്മീയതയും ഒരേ അളവില്‍ മനുഷ്യന് ആവശ്യമുണ്ട്. രണ്ടും മനുഷ്യനില്‍ രസാനുഭൂതിയുണ്ടാക്കുന്നു. നല്ല വായനക്കാരന് വായനയിലൂടെയും വിശ്വാസിക്ക് അയാളുടെ വിശ്വാസത്തിലൂടെയും ആനന്ദം കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.സാഹിത്യം തന്നെയാണ് ആത്മീയതെന്ന് ചര്‍ച്ചയില്‍ മോഡറേറ്ററായ വിജി തമ്പി പറഞ്ഞു. ഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്ന ഊര്‍ജമാണ് ആത്മീയത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മത്തില്‍ നിന്നുവരുന്ന ആത്മീയതയും ആത്മാവില്‍നിന്ന് വരുന്ന ആത്മീയതയും വ്യത്യസ്തമാണെന്ന്  ടി.പി. മുഹമ്മദ് ശമീം പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് കൊച്ചി ബ്യൂറോ ചീഫ് എം.കെ.എം. ജാഫറും ഇടുക്കി ബ്യൂറോ ചീഫ് പി.പി. കബീറും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

 

Tags:    
News Summary - Literary Fest 2017 - Madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.