മാലിന്യം തള്ളൽ: നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിയത് 58 ലക്ഷം

കൊച്ചി: നിയമ വിരുദ്ധമായി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് ജില്ലയിൽ ഈടാക്കിയത് 58,30,630 രൂപ. ഏപ്രിൽ മുതലുള്ള ആറു മാസത്തെ കണക്ക് പ്രകാരമാണിത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യത്തിന്റെയും കൊച്ചി കലക്ടർ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചേർന്ന മാലിന്യമുക്ത നവകേരളം അവലോകന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.

തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയിൽ സ്വീകരിച്ച നിയമനടപടികളുടെ ഭാഗമായുള്ള പിഴയും ജില്ലാതല സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ ചുമത്തിയ പിഴയും ചേർത്തുള്ള തുകയാണിത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 3278 നിയമവിരുദ്ധ മാലിന്യം തള്ളൽ ആണ് കണ്ടെത്തിയത്. ഇതിൽ 3136 കേസുകളിലാണ് പിഴ ചുമത്തിയത്. 46,54,130 രൂപയാണ് പിഴ ചുമത്തിയത്.88 വാഹനങ്ങളും പിടിച്ചെടുത്തു.

മാലിന്യം തള്ളലുമായി ബന്ധപ്പെട്ട് ജില്ലാതല സ്ക്വാഡുകൾ 976 പരിശോധനകളാണ് നടത്തിയത്. 680 നിയമ ലംഘനങ്ങൾ കണ്ടെത്തി. ജില്ലാതല സ്ക്വാഡുകൾ 11,76,500 രൂപയാണ് പിഴ ചുമത്തിയത്. 162 ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും നടത്തിയ പരിശോധനയിൽ 58 നിയമലംഘനങ്ങൾ കണ്ടെത്തി.

കഴിഞ്ഞ ആറുമാസത്തിനിടെ 334492 കിലോ മാലിന്യമാണ് തരംതിരിച്ച് നീക്കം ചെയ്തത്. റിജെക്ട് വേസ്റ്റ് 29 77 414 കിലോയും ലെഗസിവേസ്റ്റ് 13 98 262 കിലോയും ഇ-മാലിന്യം 247 കിലോയും അപകടകരമായ മാലിന്യം 846 കിലോയും ഗ്ലാസ് മാലിന്യം 65451 കിലോയും മൾട്ടിലെയർ പ്ലാസ്റ്റിക് 96 618 കിലോയും സ്ക്രാപ്പ് ഇനത്തിൽ 15350 കിലോയും മാലിന്യങ്ങൾ നീക്കി.

മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ ഭാഗമായി ജില്ലയിലെ മാലിന്യ സംസ്കരണ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചിട്ടുണ്ട്. 1682 മിനി എം.സി.എഫുകളും 116 എം.സി.എഫുകളും 14 റിസോഴ്സ് റിക്കവറി ഫെസിലിറ്റികളുമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.ഗ്രാമപഞ്ചായത്തുകളിൽ 2380 ഹരിത കർമ്മ സേനാംഗങ്ങളും നഗരസഭയിൽ 640 അംഗങ്ങളും കോർപ്പറേഷൻ പരിധിയിൽ 885 പേരുമാണ് പ്രവർത്തിക്കുന്നത്.

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമാർക്കും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർക്കും മറ്റു ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സ്റ്റേറ്റ് ഹോൾഡേഴ്സിനും പരിശീലനവും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസുമായും സഹകരിച്ച് സിസിടിവി നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

ഹരിതം സമൃദ്ധം ക്യാമ്പയിൻ, ഹരിതോത്സവം, മാലിന്യ സംസ്കരണ സാമഗ്രികളുടെ പ്രദർശനം, മെഗാ സെഗ്രിഗേഷൻ ഡ്രൈവ്, അപ് സൈക്ലിങ് മേള, ടോക്ക് ഷോ, പോസ്റ്റർ ചലഞ്ച്, ഹരിത സഭ, ഹരിത അയൽക്കൂട്ട പ്രഖ്യാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഏറ്റെടുത്തു. അഴകോട് ആമ്പല്ലൂർ, വൃത്തിയുള്ള വൈപ്പിൻ, ശുചിത്വത്തിനൊപ്പം കളമശ്ശേരി, ക്ലീൻ ഏലൂർ തുടങ്ങിയ ക്യാമ്പയിൻ പ്രവർത്തനങ്ങളും ജില്ലയിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.

2023 - 24 സാമ്പത്തിക വർഷത്തിൽ നിരവധി പദ്ധതികളാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കുന്നത്. ഖരമാലിന്യ സംസ്കരണം, ദ്രവമാലിന്യ സംസ്കരണം, പൊതുവിട ശുചിത്വം എന്നീ വിഭാഗങ്ങളിലായി ആകെ 2893 പദ്ധതികൾക്കായി 297.81 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾ വകയിരുത്തിയിരിക്കുന്നത്.

Tags:    
News Summary - Littering: Fines of Rs 58 lakh were levied for violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.