തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് (43) കരള്‍ പകുത്ത് നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30 ഓടു കൂടിയാണ് പൂര്‍ത്തിയായത്. നാഷ് എന്ന അസുഖം മുഖാന്തിരം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുവാന്‍ രണ്ടാഴ്ചയോളം സമയമെടുക്കാറുണ്ട്. ഈ സമയം രോഗി തീവ്ര പരിചരണത്തിലും സൂക്ഷ്മ നിരീക്ഷണത്തിലുമായിരിക്കും.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ, അനസ്തീഷ്യ ആന്റ് ക്രിറ്റിക്കല്‍ കെയര്‍, മെഡിക്കല്‍ ഗ്യാസ്‌ട്രോ, റേഡിയോളജി, ഓപ്പറേഷന്‍ തീയറ്റര്‍ ടീം, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, മൈക്രോബയോളജി, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, നഴ്‌സിംഗ് വിഭാഗം, പത്തോളജി, കെ സോട്ടോ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഒ.ടി. ടെക്‌നീഷ്യന്‍മാര്‍, ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍, ട്രാന്‍സ്പ്ലാന്റ് കോ ഓഡിനേറ്റര്‍മാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, അറ്റന്റര്‍മാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയ 50 ഓളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രി, എറണാകുളം അമൃത ആശുപത്രി എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.

ഏറെ പണച്ചെലവുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ പരിശ്രമമാണ് നടത്തിയത്. 

Tags:    
News Summary - Liver transplant surgery became a reality at Trivandrum medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.