കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂര്‍ സ്വദേശി സുബീഷും ഭാര്യ പ്രവിജയും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനൊപ്പം

കരളു പങ്കിടാൻ വേദിയായി ഗവ. ആശുപത്രി; പ്രവിജയുടെ കരളാണ് സുബീഷ്!

കോട്ടയം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു. തൃശൂര്‍ സ്വദേശി സുബീഷിന് ഭാര്യ പ്രവിജ പകുത്ത് നൽകിയ കരളാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. ആരോഗ്യനില വീണ്ടെടുത്ത സുബീഷ് ആശുപത്രിയിൽനിന്ന് ഡിസ്ചാര്‍ജായി.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജിലെത്തി സുബീഷിനേയും ഭാര്യ പ്രവിജയേയും നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാർ, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. സിന്ധു, മറ്റ് ടീം അംഗങ്ങൾ എന്നിവരുമായി മന്ത്രി സംസാരിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്നതാണ് ശസ്ത്രക്രിയ. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്.


തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കും. കോഴിക്കോടും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു.

ഫെബ്രുവരി 14നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സുബീഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അന്നേ ദിവസം മന്ത്രി വീണാ ജോര്‍ജ് ആശുപത്രിലെത്തി മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചിരുന്നു. പിറ്റേന്ന് വീഡിയോ കോള്‍ വഴി മന്ത്രി സുബീഷുമായും പ്രവിജയുമായും സംസാരിച്ചു. രണ്ടാഴ്ചയിലേറെ നീണ്ട വിദഗ്ധ പരിചരണത്തിന് ശേഷമാണ് സുബീഷിനെ ഡിസ്ചാര്‍ജ് ചെയ്തത്.

2021 ആഗസ്റ്റിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന് ലൈസന്‍സ് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് രോഗികളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇതിനായി കര്‍മ്മപദ്ധതി തയ്യാറാക്കി മുന്നോട്ടു പോവുകയാണ്. ജീവനക്കാര്‍ക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടീം അംഗങ്ങളെ മെഡിക്കല്‍ കോളജിലെത്തി മന്ത്രി നേരിട്ടു കണ്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ട്രാന്‍സ്പ്ലാന്റഷന് മാത്രമായി സമര്‍പ്പിത യൂണിറ്റ് സജ്ജമാക്കുക എന്നതാണ് ലക്ഷ്യം.

Tags:    
News Summary - liver transplant surgery in kottayam government medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.