വൈപ്പിൻ മേഖലയിലെ ജനതയുടെ ജീവിതത്തിലും സാമ്പത്തിക വളർച്ചയിലും നിർണായക പങ്കാണ് മത്സ്യബന്ധനത്തിനുള്ളത്. ഇന്ന് ഈ മേഖല നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഉപജീവനത്തിന് മീന്‍ പിടിത്തത്തിലേര്പ്പെടുന്ന പരമ്പരാഗത- ചെറുകിട മത്സ്യത്തൊഴിലാളി സമൂഹം അനുഭവിക്കുന്ന ദുരിതം ചെറുതല്ല. അവരുടെ ജീവിതവും തൊഴിലും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മാധ്യമം നടത്തുന്ന അന്വേഷണം ഇന്ന് മുതൽ...
കുറഞ്ഞവിലയില്‍ ഗുണമേന്മയും പോഷകഗുണവുമുള്ള ഭക്ഷ്യവിഭവം എന്നനിലയില്‍ ജനപ്രിയമാണ് മത്സ്യം. മത്സ്യ ഇനങ്ങളുടെ വൈവിധ്യംകൊണ്ട് ഏറെ ശ്രദ്ധേയമാണ് വൈപ്പിന്‍ തീരം. കടലും കായലും ചെറുതോടുകളും അതിരിടുന്ന ഈ ദ്വീപിന്റെ സാമ്പത്തിക പുരോഗതിയില്‍ വലിയൊരു വിഭാഗത്തിന്റെ ജീവനോപാധിയാണ് മത്സ്യബന്ധനം. അന്നന്നത്തെ ഉപജീവനത്തിന് വലവീശുന്നവർ മുതൽ ചീനവലകളും ഊന്നിവലകളും പരമ്പരാഗത ചെമ്മീന്‍ പാടങ്ങളും മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങൾ കൊയ്യുന്ന കൂറ്റൻ ഫിഷിങ് ബോട്ടുകളും വരെ ഈ മുന്നേറ്റത്തില്‍ തങ്ങളുടേതായ സംഭാവന നൽകിയിരുന്നു.
മത്സ്യബന്ധനം ദ്വീപിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി തുടരുമ്പോഴും ഈ മേഖല നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കാലങ്ങളായി പരിഹരിക്കപ്പെടാത്തതും സമീപകാലത്ത് ഉടലെടുത്തതും വരെ ഇക്കൂട്ടത്തിലുണ്ട്. പലകാരണങ്ങളാലും അവയിൽ ഭൂരിഭാഗവും പരിഹരിക്കപ്പെട്ടിട്ടില്ല. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽപോലും അധികൃതരുടെ അനാസ്ഥ നേരിടാന്‍ ഈ രംഗത്തെ അസംഘടിതാവസ്ഥ മൂലം മത്സ്യത്തൊഴിലാളികൾക്കും കഴിയുന്നില്ല.
ചുരുക്കം ചില സമരങ്ങള്‍ ഒഴിച്ചാല്‍ മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രതിഷേധങ്ങളോ പഠനങ്ങളോ നടന്നിട്ടില്ല. ഉപജീവനത്തിന് മീന്‍ പിടിത്തത്തിലേര്പ്പെടുന്ന പരമ്പരാഗത- ചെറുകിട മത്സ്യത്തൊഴിലാളി സമൂഹമാണ് ഏറെയും ദുരിതത്തിലേക്ക് തള്ളപ്പെടുന്നത്. തൊഴിൽസുരക്ഷയോ കാര്യമായ ആനുകൂല്യങ്ങളോ ഇല്ലാതെ വർഷങ്ങളായി ഇവരിൽ ഭൂരിഭാഗവും പടിക്ക് പുറത്താണ്.
സർക്കാർ ആനുകൂല്യം അർഹരിലേക്ക് എത്തിക്കുന്നതിൽ സംവിധാനങ്ങൾക്ക് വീഴ്ച സംഭവിക്കുന്നു. തങ്ങൾ പിടിക്കുന്ന മീനുകളുടെ വില മറ്റാരെങ്കിലും നിശ്ചയിക്കുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കാനെ ഇക്കൂട്ടർക്ക് കഴിയുന്നുള്ളൂ. പുഴയിലെയും തോടുകളിലെയും ചെറിയ മാറ്റങ്ങൾ പോലും ഇവരുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കും. മുൻകാലങ്ങളിൽ ആഫ്രിക്കൻ പായലുകളായിരുന്നു ഭീഷണി എങ്കിൽ ഇപ്പോൾ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം മത്സ്യത്തൊഴിലാളികളെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞു. പോള അധികമായാൽ വലയിടാനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ചെമ്മീൻ പാടങ്ങളുടെ സ്ഥിതിയും മറിച്ചല്ല. മുൻകാലങ്ങളിൽ മെച്ചപ്പെട്ട സാമ്പത്തിശേഷിയുള്ളവരുടെ മാത്രം രംഗമായിരുന്നു ഇതെങ്കിൽ പിന്നീട് സാധാരണക്കാരായ യുവാക്കൾ വരെ കടന്നുവന്നു. കുറെ വർഷങ്ങളായി വൈറസ് ബാധ മൂലം ഉണ്ടാകുന്ന നഷ്ടം ചെമ്മീൻ കെട്ടുകൾ പാട്ടത്തിന് എടുക്കുന്നവരുടെയും കൊടുക്കുന്നവരുടെയും മനംമടുപ്പിക്കുന്നതാണ്. ആജീവനാന്ത കടത്തിലേക്കാണ് പലരെയും ചെമ്മീൻകെട്ട് നടത്തിപ്പ് തള്ളിവിടുന്നത്. വർങ്ങളായി ഈ മേലയിൽ പ്രവർത്തിച്ചിരുന്ന പലരും നഷ്ടം താങ്ങാനാവാതെ പിൻവാങ്ങുകയാണ്.
വിദേശ്യനാണ്യം നേടിത്തരുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആഴക്കടൽ മത്സ്യമേലയിലും പ്രതിസന്ധികളുടെ കാറ്റും ഓളവുമുണ്ട്. തൊഴിലാളിക്ഷാമം മുതൽ ഇന്ധന വിലവർധന വരെയുള്ള പ്രശ്നങ്ങൾ. അശാസ്ത്രീയ മത്സ്യബന്ധന രീതികൾ ഈ മേലയെ തകർക്കുമെന്നറിഞ്ഞിട്ടും അത് പിന്തുടരാൻ നിർബന്ധിതരാവുകയാണ് പലരും. ബോട്ടുകളുടെ എണ്ണത്തിനനുസരിച്ച് മത്സ്യം ലഭിക്കാതെ വരുകയും ചെലവ് പലപ്പോഴും വരവിനെക്കാൾ അധികമാകുകയും ചെയ്യുന്ന സ്ഥിതി. ഒപ്പം മാറിയ കാലാവസ്ഥയും മഴയും കടൽക്ഷോഭവും പ്രളയവുമെല്ലാം കൂടിയാകുമ്പോൾ അതിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരെയും പ്രതികൂലമായി ബാധിക്കുന്നു. കാരണങ്ങൾ ചികയേണ്ടത് താഴെത്തട്ട് മുതലാണ്. അതിന് കൈയും മെയ്യും മാത്രം ആയുധമാക്കി മീൻപിടിക്കുന്നവരുടെ ദുരിതങ്ങൾ കേൾക്കുകതന്നെ വേണം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.