തിരുവനന്തപുരം: വായ്പാപരിധി വെട്ടിക്കുറച്ച വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സംസ്ഥാനത്തിന് വിശദീകരണം നൽകിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് കടമെടുപ്പ് പരിധി വെട്ടികുറച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ത്തയച്ചത്.
കേന്ദ്ര മറുപടി പ്രതികൂലമായാൽ വിഷയത്തിൽ നിയമനടപടി ആരംഭിക്കാനുള്ള സാധ്യതയും സംസ്ഥാനം ആലോചിക്കുന്നു. സുപ്രിംകോടതിയെ സമീപിക്കാനാണ് തീരുമാനം. ഇക്കൊല്ലം 32,440 കോടിയുടെ വായ്പാപരിധിക്ക് അർഹതയുണ്ടായിരിക്കെ 15,390 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. സംസ്ഥാന ബജറ്റിനെ പോലും തകിടംമറിക്കുന്നതാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞ വർഷം 23,000 കോടി രൂപ അനുവദിച്ചിരുന്നു. അതുമായി താരതമ്യപ്പെടുത്തിയാലും 8000 കോടിയുടെ കുറവാണ് ഇക്കുറി വായ്പാപരിധിയിൽ കേന്ദ്രം വരുത്തിയത്. വായ്പാപരിധി കുറച്ചതിൽ സംസ്ഥാനം ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
അതേസമയം കടം വെട്ടികുറച്ചത് രാഷ്ട്രീയ വിവാദമായി മാറി. സംസ്ഥാനം വായ്പാപരിധി കുറച്ചില്ലെന്ന വാദവുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രംഗത്തുവന്നു. കേന്ദ്രമന്ത്രിയുടെ നടപടി ഉത്തരവാദിത്തമില്ലായ്മയാണെന്നും ഈ കണക്കുകൾ എവിടെ നിന്ന് കിട്ടിയെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ ചോദിച്ചു. കിഫ്ബി വായ്പ, പൊതുമേഖല സ്ഥാപനങ്ങളുടെ വായ്പ എന്നിവയുടെ പേരിലാണ് കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. ഏറെ നാളായി കിഫ്ബിയുടെ പേരിൽ കേന്ദ്രവും സംസ്ഥാനവും ഉരസലിലാണ്. സി.എ.ജിയും ഇക്കാര്യത്തിൽ വിമർശം ഉന്നയിച്ചിരുന്നു. കിഫ്ബി വായ്പയെ സംസ്ഥാന വായ്പാപരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് സംസ്ഥാന നിലപാട്. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും കത്തയച്ചിരുന്നു. കിഫ്ബി ബജറ്റിന് പുറത്തുള്ള കടമെടുപ്പാണെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.