ആളുകളെ ഒഴിപ്പിക്കാൻ സജ്ജം

ആലപ്പുഴ: ജലനിരപ്പ് ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ​ ജില്ല ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്ന് രക്ഷ-ദുരിതാശ്വാസ സജ്ജീകരണങ്ങള്‍ വിലയിരുത്തി. മഴ തുടരുകയും സമീപ ജില്ലകളില്‍നിന്ന്​ ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന്​ ഏത്​ നിമിഷവും ആളുകളെ അതിവേഗം ഒഴിപ്പിക്കാന്‍ സജ്ജമാകാൻ ജില്ല കലക്ടര്‍ വി.അര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡാമുകളില്‍നിന്ന് വെള്ളം ഒഴുക്കിവിടേണ്ടി വരുന്ന സാഹചര്യം കൂടി മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. രക്ഷ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകള്‍, ഡിങ്കികള്‍, മറ്റു വാഹനങ്ങള്‍ തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. അഗ്നിരക്ഷ സേനയും സിവില്‍ ഡിഫന്‍സും സജ്ജമാണ്. മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാണെന്ന് ഉറപ്പുവരുത്താന്‍ തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ജില്ല പൊലീസ് മേധാവി ജി. ജയദേവ്, സബ് കലക്ടർ സൂരജ് ഷാജി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശ സി. എബ്രഹാം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് ശശിധരന്‍ ജില്ല ഫയര്‍ ഓഫിസര്‍ രാംകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി. സാബു, ദുരന്ത നിവാരണ വിഭാഗം സൂപ്രണ്ട് ബി. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.