ആലപ്പുഴ: പൈപ്പുവഴി പാചകവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി ആലപ്പുഴ നഗരത്തിലേക്ക് എത്തുന്നു. ഫെബ്രുവരി മുതൽ നഗരത്തിലെ വീടുകളിൽ കണക്ഷൻ നൽകിത്തുടങ്ങുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 17,000 വീടുകളിൽ കണക്ഷൻ നൽകി. വയലാർ, ചേർത്തല, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി എന്നിവിടങ്ങളിലെ വീടുകളിലാണ് കണക്ഷൻ നൽകിയത്. ആലപ്പുഴ നഗരത്തിൽ കൊമ്മാടി മുതൽ എസ്.ഡി കോളജ്വരെ പ്രധാന പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പൈപ്പ് സ്ഥാപിക്കലിന് തടസ്സങ്ങളുണ്ട്. അതിനാലാണ് താമസമുണ്ടാകുന്നത്. കലവൂർ മുതൽ കിഴക്കെ ഭാഗത്ത് എ.എസ് കനാലിന്റെ വശത്തുകൂടി തെക്കോട്ട് കൊമ്മാടിയിൽ എത്തുംവിധം ഉടൻ പൈപ്പ് സ്ഥാപിക്കും. ഏഴ് കിലോമീറ്ററാണ് അതിന്റെ ദൈർഘ്യം. ഫെബ്രുവരിയിൽ അതിന്റെ പണികൾ തീരും. ഫെബ്രുവരി അവസാനത്തോടെ ആലപ്പുഴ ടൗണിൽ കണക്ഷനുകൾ കൊടുത്തുതുടങ്ങും. 2025 ഡിസംബർ മുതൽ ആലപ്പുഴ നഗരസഭയിൽ എവിടെയും കണക്ഷൻ നൽകാൻ കഴിയുന്ന സംവിധാനം നിലവിൽ വരും. വയലാറിൽ 90 ശതമാനത്തോളം നൽകി.
ചേർത്തലയിലെ ചില വാർഡുകളിൽ 96 ശതമാനത്തോളം വീടുകളിൽ കണക്ഷൻ എടുത്തുകഴിഞ്ഞു. തെക്കൻ കേരളത്തിൽ സിംഗപ്പൂർ കമ്പനിയായ എ.ജി ആൻഡ് പി പ്രഥം ആണ് പദ്ധതി നടപ്പാക്കുന്നത്. ഇവർ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പൈപ്പിലൂടെ പാചകവാതകമെത്തിക്കുന്നത്. ജപ്പാനിലെ ഒസാക്ക ഗ്യാസാണ് എ.ജി ആൻഡ് പിക്കുവേണ്ടി പണംമുടക്കുന്നത്. ചേർത്തല തങ്കിക്കവലയിൽ സ്ഥാപിച്ച പ്ലാന്റിൽനിന്നാണ് ചേർത്തല, അമ്പലപ്പുഴ, ഹരിപ്പാട് മേഖലകളിലേക്കുള്ള വിതരണം. ചവറ കെ.എം.എം.എൽ ഭൂമിയിൽ സ്ഥാപിക്കുന്ന പ്ലാന്റിൽനിന്നാകും കായംകുളത്തേക്കുള്ള വാതക വിതരണം.
ഡിസംബറിനുള്ളിൽ ജില്ലയിൽ 5000 കണക്ഷനുകൾകൂടി കൊടുക്കും. മാർച്ചിനുള്ളിൽ 12,000 കണക്ഷനുകൾ കൂടി കൊടുക്കും. ചേർത്തല തെക്ക്, കടക്കരപള്ളി, ആര്യാട് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കണക്ഷൻ നൽകുക. ജനുവരി മുതൽ കടക്കരപ്പള്ളി പഞ്ചായത്തിൽ കണക്ഷൻ കൊടുത്തുതുടങ്ങും. തുറവൂരിലേക്ക് 2025 ഡിസംബറിന് മുമ്പ് പൈപ്പ് സ്ഥാപിക്കും. ആഗസ്റ്റിൽ പൂച്ചാക്കലിൽ പൈപ്പ് എത്തിക്കും. ചേർത്തലയിൽ ദേശീയപാതയുടെ കിഴക്ക് ഭാഗത്താണ് കണക്ഷനുകൾ നൽകിയത്. പടിഞ്ഞാറ് എത്തിയിട്ടില്ല. കിഴക്ക് ഭാഗത്ത് വെള്ളക്കെട്ടായതിനാൽ അവിടെ പണികൾ ചെയ്യുക ഏറെ ബുദ്ധിമുട്ടാണ്.
അത്തരം ഭാഗത്ത് ആദ്യം തന്നെ ജോലികൾ തീർക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പടിഞ്ഞാറുഭാഗം കരപ്രദേശമായതിനാൽ കണക്ഷൻ കൊടുക്കൽ വേഗത്തിൽ സാധ്യമാകും. ഫെബ്രുവരി മുതൽ പടിഞ്ഞാറ് ഭാഗത്തും കണക്ഷൻ കൊടുത്തു തുടങ്ങും. കാക്കാഴം വരെ തടസ്സങ്ങളില്ല. കാക്കാഴത്ത്, റെയിൽവേ ലൈൻ ക്രോസ് ചെയ്യാൻ തടസ്സങ്ങളുണ്ട്. ഗ്യാസ് ലൈൻ ഭൂമിക്ക് അടിയിലൂടെ മാത്രമേ കൊണ്ടുപോകാവൂ എന്ന് നബന്ധനയുണ്ട്. പാലങ്ങളുള്ളിടങ്ങളിൽപോലും നദിയുടെ അടിയിലൂടെയാണ് പൈപ്പ് സ്ഥാപിക്കേണ്ടത്.
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് റെയിൽവേ ലൈൻ മുറിച്ചുകടക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതിനാൽ കിഴക്ക് ഭാഗത്തേക്ക് പോയി ക്രോസ് ചെയ്ത് അവിടെ നിന്ന് വീണ്ടും പടിഞ്ഞാറേക്ക് വന്ന് ദേശീയപാതയിലെത്തുംവിധം പൈപ്പ് സ്ഥാപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.