കായംകുളം നഗരസഭയോട്​ മനുഷ്യാവകാശ കമീഷൻ അറവുശാലയിൽ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണം

കരിപ്പുഴ തോട്​ മലിനമയം ആലപ്പുഴ: കായംകുളം നഗരസഭയുടെ ഉടമസ്ഥതയിലുള്ള അറവുശാലകൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനാനുമതിയില്ലാതെയും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താതെയുമാണ് പ്രവർത്തിക്കുന്നതെന്ന് മനുഷ്യാവകാശ കമീഷൻ. ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയശേഷം മാത്രം അറവുശാലകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി കായംകുളം നഗരസഭ സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർക്കും നിർദേശം നൽകി. കായംകുളം നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ കടന്നുപോകുന്ന കരിപ്പുഴ തോട്ടിലേക്ക് മാർക്കറ്റിലെ അറവുശാലകളിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. തോടിന് സമീപമുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യ പൈപ്പുകൾ തോട്ടിലേക്കാണ് തുറന്നിരിക്കുന്നത്. ഇതുവഴി തോടിലെ നാടൻ മത്സ്യസമ്പത്ത് നശിക്കുകയാണെന്നും പരാതിയിൽ പറയുന്നു. അറവുശാലക്ക് പ്രവർത്തനാനുമതിയില്ലെന്നും മതിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. അറവുശാലയിൽ നിന്നുള്ള മലിനജലം തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. മലിനജല സംസ്​കരണത്തിനായി സ്ഥാപിച്ച എഫ്ലുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് പരിശോധന സമയത്ത് പ്രവർത്തന രഹിതമായിരുന്നു. മുട്ടേൽ പാലത്തിന് സമീപത്തെ എണ്ണപ്പാട്ട കഴുകുന്ന കമ്പനിയിൽനിന്ന് എണ്ണയും സോപ്പും കലർന്ന മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്. ഇതിനെതിരെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതി പൂർണമായും ശരിയാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡ് 2021 നവംബർ 8 നും 18 നും നഗരസഭക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ സ്വീകരിച്ച നടപടികൾ എന്താണെന്ന് റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് കമീഷൻ നിരീക്ഷിച്ചു. കരിപ്പുഴ തോടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് പൂർണമായും തടയണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പീപ്പിൾ പൊളിറ്റിക്കൽ ഫോറം സെക്രട്ടറി വിശ്വരൂപൻ നൽകിയ പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.