കരൾരോഗിയായ മത്സ്യത്തൊഴിലാളിക്കായി നാട് ഒന്നിക്കുന്നു

മണ്ണഞ്ചേരി: ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ ഒരു നാട് ഒന്നിക്കുന്നു. പഞ്ചായത്ത് ആറാം വാർഡ്‌ കമ്പിയകത്ത് വീട്ടിൽ പ്രകാശനാണ് ദീർഘനാളായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. രോഗം മൂർച്ഛിച്ചിരിക്കുന്നതിനെത്തുടർന്ന് അടിയന്തര കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കുമായി 30 ലക്ഷത്തോളം രൂപ അനിവാര്യമാണ്. രണ്ട്​ പെൺകുട്ടികളുടെ പിതാവും നിർധന മത്സ്യത്തൊഴിലാളി കുടുംബാംഗവുമായ​ പ്രകാശനെ സഹായിക്കാൻ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്ന്, നാല്, അഞ്ച്, ആറ് ഏഴ്, എട്ട്, ഒമ്പത്, 10, 16, 17 വാർഡുകളിൽനിന്ന്​ തുക കണ്ടെത്താൻ വാർഡ് മെംബർമാർ ചെയർമാൻമാരായി വാർഡ്തല സമിതി രൂപവത്​കരിച്ച് പ്രവർത്തനം നടന്നുവരുകയാണ്. ഞായറാഴ്ച ഒറ്റദിവസം ഫണ്ട് ശേഖരണം നടത്തുകയാണ് ലക്ഷ്യം. പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യരക്ഷാധികാരിയും അഡ്വ.ആർ.റിയാസ്, കെ.വി. മേഘനാഥൻ, വി.പി. ചിദംബരൻ എന്നിവർ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ടി.വി. അജിത്കുമാർ ചെയർമാനും വികസന സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്. സന്തോഷ് കൺവീനറും ആറാം വാർഡ് മെംബർ ബഷീർ മാക്കിണിക്കാട് ട്രഷററുമായുള്ള പഞ്ചായത്തുതല സമിതിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ചികിത്സാസഹായത്തിന്​ ഫെഡറൽ ബാങ്ക് മണ്ണഞ്ചേരി ശാഖയിൽ ചെയർമാന്‍റെയും കൺവീനറുടെയും പേരിൽ സംയുക്ത അക്കൗണ്ട് ഓപൺ ചെയ്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 12510100319791, ഐ.എഫ്‌.എസ്‌.സി: FDRL0001251. ഫോൺ: 9497891178, 9446195238. പടം: കെ.കെ. പ്രകാശൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.