ആറാട്ടുപുഴ കിഴക്കേക്കരയിൽ കുടിവെള്ള ക്ഷാമം രൂക്ഷം: ഓരുവെള്ളം കുടിക്കേണ്ട ഗതികേടിൽ ജനം

ആറാട്ടുപുഴ: പഞ്ചായത്തി​ൻെറ കിഴക്കേക്കരയിൽ ഗുരുതര കുടിവെള്ള ക്ഷാമം. രണ്ടാഴ്ചയായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാത്തതിനാൽ ജനം കടുത്ത ദുരിതത്തിലാണ്. പഞ്ചായത്ത് അഞ്ചാം വാർഡി​ൻെറ തെക്കൻ ഭാഗങ്ങളിലും തൊട്ടുചേർന്നുള്ള കണ്ടല്ലൂരിലെയും താമസക്കാരാണ് ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. ഇവിടത്തെ ജലക്ഷാമം പരിഹരിക്കാൻ മണിവേലിക്കടവിൽ സ്ഥാപിച്ച കുഴൽക്കിണർ പ്രവർത്തിപ്പിച്ചു തുടങ്ങിയതിനു പിന്നാലെതന്നെ കേടായതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. മണിവേലിക്കടവ് പാലോന്നിൽ കായൽവാരത്തെ കുഴൽക്കിണറിൽ പൊട്ടലുണ്ടായി ഉപ്പുവെള്ളം കയറുന്നതിനാൽ ഏറെ നേരം പമ്പിങ്​ നടത്താൻ കഴിയുമായിരുന്നില്ല. ഇതിന് പകരമായാണ് എട്ടുലക്ഷം മുടക്കി പുതിയ കുഴൽക്കിണർ സ്ഥാപിച്ചത്. ഇതും പ്രവർത്തിച്ചു തുടങ്ങിയപ്പോൾ തന്നെ ഉപ്പുവെള്ളവും ചളിയും കയറാൻ തുടങ്ങി. ഇതു മൂലം തുടക്കത്തിൽ തന്നെ പ്രവർത്തനം നിർത്തേണ്ടിവന്നു. രണ്ടാഴ്ചയായിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്ന ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ വിതരണം ചെയ്യുന്ന വെള്ളം കുടിക്കാനും പാചകത്തിനും മാത്രമേ തികയുന്നുള്ളൂ. കായലിനോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ പൈപ്പുവെള്ളം മാത്രമാണ് ആശ്രയം. ഗതികെട്ട് പല ആവശ്യങ്ങൾക്കും കായലിലെ ഓര് വെള്ളം ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. ഭൂജല വകുപ്പി​ൻെറ സാങ്കേതിക പിഴവുമൂലമാണ് ചളിയും മണ്ണും കയറാൻ കാരണമായതെന്ന് ആക്ഷേപമുണ്ട്. പ്രശ്നത്തിന് എന്ന് പരിഹാരം കാണുമെന്ന് ഇനിയും ഉറപ്പ് ലഭിച്ചിട്ടില്ല. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കണം. ഇക്കാര്യത്തിൽ അധികൃതരുടെ അനാസ്ഥ പ്രതിഷേധാർഹമാണെന്നും പഞ്ചായത്തംഗം ടി.പി. അനിൽകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.