ഏതുസമയത്തും ആക്രമണം ഉണ്ടാകും; ഭീതിയിലാണ്​ ഞങ്ങൾ

മണ്ണഞ്ചേരി: ഏത് സമയത്തും തങ്ങൾ നിൽക്കുന്ന പ്രദേശവും യുദ്ധത്തിന്റെ പിടിയിൽ പെടാമെന്ന്​ യുക്രെയിനിലെ സാപോറോഷിയയിൽ നിന്ന് മുഹമ്മദ് യാസീൻ. സാപോറോഷിയ സംസ്ഥാന മെഡിക്കൽ സർവകലാശാലയിൽ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. മണ്ണഞ്ചേരി 21ാം വാർഡ്‌ കൊല്ലശ്ശേരിയിൽ ആലപ്പുഴ വഴിച്ചേരി എം.എം.എ യുപി സ്കൂൾ അധ്യപകൻ പി.യു.ഷറഫ് കുട്ടിയുടെയും, ഫാസിലയുടെയും മകനാണ് മുഹമ്മദ് യാസീൻ. ഞങ്ങൾ 450 മലയാളികൾ ഇവിടെ സർവകലാശാലയിൽ പഠിക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് തന്നെ 50 ലധികം പേരുണ്ട്. രാത്രി മുതൽ കോളജിന് ചുറ്റിലും വിമാനം പറക്കുന്നുണ്ട്. രാവിലെ 10ന്​ ഞങ്ങളെ ബങ്കറിൽ കൊണ്ട് പോയി. റഷ്യൻ സൈന്യം ഉള്ളതിനാലാണ്​ ബങ്കറിൽ കൊണ്ട് പോയത്. സൈന്യം കീവിലേക്ക് പോകുകയാണ്. ഇപ്പോൾ ഹോസ്റ്റലിലാണ്-യാസീൻ പറഞ്ഞു. എപ്പോൾ വേണമെങ്കിലും ഒരു ആക്രമണം പ്രതീക്ഷിക്കാം. അത് കൊണ്ട് തന്നെ ഭീതിയിലാണ്. സർവകലാശാലയുടെ ഹോസ്റ്റലിൽ ആയത് കൊണ്ട് ഇപ്പോൾ സുരക്ഷിതരാണ്. 24 മണിക്കൂറും സെക്യൂരിറ്റിയും വേണ്ട മുൻകരുതലുകളും സർവകലാശാല എടുക്കുന്നുണ്ട്. ഇതു വരെ അവിടെ നിന്നും മാറ്റുന്ന കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല. അതിർത്തിയിലേക്ക് പോകുന്ന കാര്യം ബുദ്ധിമുട്ടാണ്. ആരെങ്കിലും ഇടപെട്ടാലേ അത് സാധ്യമാകു. ഭക്ഷണത്തിന് ചെറിയ രീതിയിലുള്ള ക്ഷാമമുണ്ട്. വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് എന്നിവക്ക് കുഴപ്പമില്ല. എ.ടി. എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും പരിധിയിയുണ്ട്. പടം: മുഹമ്മദ്‌ യാസീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.