ആലപ്പുഴ: മാലിന്യ നിർമാർജനത്തിൽ കേരളത്തിലെ മറ്റ് ഡിപ്പോകൾക്ക് മാതൃകയാകാൻ ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ അടിമുടി മാറുന്നു. സ്റ്റാൻഡും പരിസരവും നവീകരിച്ച് മാലിന്യമുക്തമാക്കി സൗന്ദര്യവത്കരിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണിത്. ഇത് പിന്നീട് മറ്റ് ഡിപ്പോകളിലും നടപ്പാക്കും.
‘മാലിന്യമുക്തം കെ.എസ്.ആർ.ടി.സി’ കാമ്പയിന്റെ ഭാഗമായി മാലിന്യനീക്കം തുടങ്ങി. സംസ്ഥാന സർക്കാർ, എം.പി, എം.എൽ.എ ഫണ്ട്, ജില്ല പഞ്ചായത്ത്, നഗരസഭ, ശുചിത്വമിഷൻ എന്നിവയുടെ സഹായത്തോടെ നടപ്പാക്കുന്ന പ്രവൃത്തികൾക്ക് പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന്റെ സാങ്കേതിക സഹായവുമുണ്ടാകും. ഡിപ്പോയും പരിസരവും എക്സ്കവേറ്റർ ഉപയോഗിച്ച് മാലിന്യം നീക്കി വൃത്തിയാക്കി. നഗരസഭയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് ശേഖരിച്ചു. വൃത്തിയാക്കിയ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യാൻ ജീവനക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൃഷി കഴിഞ്ഞുള്ള പ്രദേശം ഫീസ് ഈടാക്കി വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
നഗരസഭ ഡിപ്പോയിൽ വിവിധയിടങ്ങളിൽ മാലിന്യ സംഭരണികൾ സ്ഥാപിക്കും. കുപ്പിയുടെ രൂപത്തിലാകും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള സംഭരണി നിർമിക്കുക. ഡിപ്പോയുടെ പരിസരത്ത് മാലിന്യം വലിച്ചെറിയരുതെന്ന് സമീപത്തെ കടക്കാർക്ക് നിർദേശം നൽകി. നേരത്തെ നോട്ടിസ് നൽകിയതിന് പുറമേയാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ നേരിട്ടെത്തി നിർദേശം നൽകിയത്. തുടർന്ന് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശിക്ഷാ നടപടിയെടുക്കും. മാലിന്യം വലിച്ചെറിയുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ രണ്ട് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തും. ഒക്ടോബർ രണ്ടിന് മുമ്പ് ഡിപ്പോ പരിസരം ശുചിയാക്കാൻ വിവിധ സംഘടനകളുമായി സഹകരിച്ച് മെഗാ ക്ലീനിങ് നടത്തും.
ബസിനുള്ളിലും ബിന്നുകൾ കൊണ്ടുവരും. പഴയ കെട്ടിടം പെയിന്റടിച്ച് ശുചിത്വ സന്ദേശ ചിത്രങ്ങൾ വരക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമിക്കും. ചുറ്റുമതിൽ നിർമിച്ച് സി.സി.ടി.വി, പെയ്ഡ് പാർക്കിങ് സംവിധാനവും കൊണ്ടുവരും. ദിവസവും ആയിരത്തിലേറെ ബസുകളും 50,000ലേറെ യാത്രക്കാരും കടന്നു പോകുന്ന ആലപ്പുഴ ഡിപ്പോയും പരിസരവും വൃത്തിയാക്കാൻ രണ്ട് ശുചീകരണത്തൊഴിലാളികൾ മാത്രമാണുള്ളത്. ബസുകൾ വൃത്തിയാക്കാൻ ആറ് ജീവനക്കാരുമുണ്ട്. 450 ജീവനക്കാരുള്ള ഡിപ്പോയിൽ നിന്ന് 85 ബസുകളാണ് സർവിസ് നടത്തുന്നത്.
ഹരിതചട്ടം പാലിക്കാൻ ഓഫിസിലും ക്രമീകരണം. അതിനായി ജീവനക്കാർ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നത് സ്റ്റീൽ പാത്രങ്ങളിലേക്ക് മാറ്റണം. ട്രേഡ് യൂനിയനുകളുടെ ബോർഡുകൾ ഡിജിറ്റൽ ബോർഡുകളാക്കും. ഹരിത ചട്ടം പാലിച്ച് ഡിപ്പോ സൗന്ദര്യവത്കരണവും നടത്തും. ഡോർമെട്രി, ശുചിമുറി സംവിധാനം മെച്ചപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.