അമ്പലപ്പുഴ: കിടപ്പാടത്തിനായി തറക്കല്ലിട്ട പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് വിതുമ്പലോടെ കൃപ. മത്സ്യത്തൊഴിലാളിയായ പുറക്കാട് അഴിക്കകത്ത് വീട്ടില്‍ മനു-കൃപ ദമ്പതികള്‍ വാങ്ങിയ സ്ഥലത്താണ് കരുനാഗപ്പള്ളി സ്വദേശിയായ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ടത്. ഈ മാസം എട്ടിനായിരുന്നു തറക്കല്ലിടൽ. പുരയിടത്തിന്റെ ഒരുകോണില്‍ മണ്ണിനടിയില്‍ മൃതദേഹം ഉണ്ടെന്ന വിവരം അപ്പോഴും അറിഞ്ഞിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് കൃപയെ വിവരം വിളിച്ചറിയിക്കുന്നത്. വിവരമറിഞ്ഞതോടെ പിതൃസഹോദരന് രാജീവനോടൊപ്പം തറക്കല്ലിട്ട പുരയിടത്തിലെത്തി. ആരെയും പ്രവേശിപ്പിക്കാതെ പൊലീസ് വിലക്കേര്പ്പെടുത്തിയതുകണ്ട് കൃപ വിതുമ്പി. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു കിടപ്പാടം. സാമ്പത്തിക പ്രതിസന്ധിയില്‍ സ്വന്തം വീട് വില്‍ക്കേണ്ടി വന്നശേഷം മത്സ്യത്തൊഴിലാളിയായ മനുവും ഭാര്യയും രണ്ട് മക്കളോടുമൊപ്പം വാടകവീട്ടിലാണ് താമസം. സ്വര്‍ണം പണയപ്പെടുത്തിയും ബന്ധുക്കളിൽനിന്ന് കടംവാങ്ങിയുമാണ് പുറക്കാട് മൂന്നാം വാര്‍ഡ് ഐവാട്ടുശേരിയില് നാലരസെന്റ് സ്ഥലം എട്ടുവര്‍ഷം മുമ്പ് വാങ്ങിയത്. മൃതദേഹം പുറത്തെടുത്തെങ്കിലും കേസിന്റെ അന്വേഷണത്തിന്റെ പേരില്‍ വീട് നിർമാണം വൈകുമെന്ന ആശങ്കയുണ്ട്.
കൊലപാതകം അറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍
അമ്പലപ്പുഴ: ഒരിക്കലും പൊലീസിനു എത്തേണ്ട സാഹചര്യം ഒരുക്കാത്ത ഗ്രാമത്തിലേക്ക് രാവിലെതന്നെ ദൃശ്യമാധ്യമ പ്രവർത്തകർ കാമറകളുമായി എത്തിയപ്പോൾ നാട്ടുകാര്‍ അമ്പരന്നു. അപ്പോഴാണ് തങ്ങളുടെ നാട്ടിൽ കൊലപാതകം നടന്ന വിവരം അറിയുന്നത്. കൊലപാതകിയുടെ പേര് കേട്ടപ്പോൾ വീണ്ടും ഞെട്ടി. കാരണം രണ്ട് വർഷമായി ഇവിടെ താമസിക്കാറുണ്ടെങ്കിലും പലപ്പോഴും തങ്ങളോട് അധികമൊന്നും സംസാരിക്കാത്ത ജയചന്ദ്രൻ എന്ന മത്സ്യത്തൊഴിലാളിയാണ് സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതെന്നറിഞ്ഞപ്പോൾ പലർക്കും അതിശയമായി. കേട്ടവർ പലരും ഇത് വിശ്വസിച്ചുമില്ല.
എന്നാൽ, അധിക സമയം കഴിയുന്നതിന് മുമ്പ് വൻ പൊലീസ് കാവലിൽ ജയചന്ദ്രനെ കൊണ്ടുവരുന്നത് കണ്ടപ്പോഴാണ് കൊലപാതകം വിശ്വസനീയമായത്. പുനർഗേഹം പദ്ധതിയിൽ ലഭിച്ച വീടാണ് കരൂരിൽ നിർമിച്ചത്. രണ്ട് വർഷം മുമ്പാണ് ജയചന്ദ്രനും കുടുംബവും ഇവിടെ താമസിക്കാനെത്തിയത്. അയൽവാസികളോട് പോലും അധികം സംസാരിക്കാത്ത ജയചന്ദ്രൻ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയെന്നറിഞ്ഞപ്പോഴുണ്ടായ നടുക്കത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.