ആലപ്പുഴ നഗരസഭ ആലിശ്ശേരിയിൽ തുടങ്ങിയ വളം നിർമാണ യൂനിറ്റിന്റെയും അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കുന്നു
ആലപ്പുഴ: നഗരസഭ എയ്റോബിക് യൂനിറ്റുകളില്‍നിന്ന് ലഭിക്കുന്ന ജൈവാവശിഷ്ടം വളമാക്കി വിപണിയിൽ. ആലിശ്ശേരിയിൽ വളം നിർമാണ യൂനിറ്റിന്റെയും അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വികേന്ദ്രീകൃത മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ജൈവമാലിന്യം സംസ്കരിക്കുന്നതിന് നഗരസഭ സ്ഥാപിച്ച എയ്റോബിക്കുകളിലെ ജൈവഅവശിഷ്ടം വിന്‍ഡ്രോ പ്രക്രിയയിലൂടെ കണ്‍വെയര്‍ ബെല്‍റ്റ് ഉപയോഗിച്ച് തരംതിരിച്ച് പൊടിച്ച് വളമാക്കി എയ്റോഫെർട് എന്നപേരില്‍ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകളിലൂടെയാണ് വിൽപന നടത്തുന്നത്.
വെള്ളായണി കാര്‍ഷിക കോളജില്‍ പരിശോധന നടത്തി കൃഷിക്ക് അനുയോജ്യമാണന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ജൈവമാലിന്യവുമായി എയ്റോബിക് യൂനിറ്റിൽ എത്തുന്ന ഏതൊരാള്‍ക്കും മിതമായ നിരക്കില്‍ സമ്പുഷ്ടമായ ജൈവവളം കിട്ടും. വാര്‍ഷികപദ്ധതിയില്‍ 12 ലക്ഷം രൂപ വകയിരുത്തിയാണ് നഗരസഭ വളം നിര്‍മാണ യൂനിറ്റ് സജ്ജമാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളായ 75 പേരാണ് എയ്റോബിക് യൂനിറ്റിന്റെയും വളം നിര്‍മാണ യൂനിറ്റിന്റെയും പരിപാലനം നടത്തുന്നത്. ആലപ്പി എയ്റോബിക് കമ്പോസ്റ്റ് ടെക്നീഷ്യന്‍സ് (എ.എ.സി.സി) എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. 37 എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റിലെ 396 ബിന്നുകളിലെയും ജൈവാവശിഷ്ടം ആലിശ്ശേരി വളം നിര്മാണയൂനിറ്റില് എത്തിച്ചാണ് വളമാക്കുന്നത്.
‘മാലിന്യമുക്ത നവകേരളം’ ജനകീയ കാമ്പയിനിന്റെ ഭാഗമായി ഹരിതകർമസേനയുടെ അജൈവ മാലിന്യം ശേഖരിക്കാൻ 7500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 20 ടണ്‍ ഡബിള്‍ ഡക്കര്‍ സ്റ്റോറേജ് സംവിധാനമുള്ള അജൈവ മാലിന്യസംസ്കരണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ഒരേസമയം 40പേര്‍ക്ക് പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കാൻ 20 മീറ്റര്‍ കണ്‍വെയര്‍ ബെല്‍റ്റ് ഏപ്രില്‍ അവസാനത്തോടെ എം.സി.എഫില്‍ സജ്ജമാക്കും. ഹരിതകര്‍മസേനക്ക് ആവശ്യമായ ഡൈനിങ് റൂം, ഡ്രസ് ചെയ്ഞ്ചിങ് റൂം എന്നിവ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളും അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിത, സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. പ്രേം, നസീര്‍ പുന്നയ്ക്കല്‍, ആര്. വിനിത, കക്ഷിനേതാക്കളായ ഹരികൃഷ്ണന്, സലിം മുല്ലാത്ത്, പി. രതീഷ്, ഹെല്‍ത്ത് ഓഫിസര്‍ കെ.പി. വർഗീസ്, മാലിന്യമുക്തം ജില്ല നോഡല്‍ ഓഫിസര്‍ കെ.എസ്. ഷിബു, നവകേരള മിഷന് ജില്ല കോഓഡിനേറ്റര്‍ കെ.എസ്. രാജേഷ്, നഗരസഭ നോഡല്‍ ഓഫിസര്‍ സി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.