ആലപ്പുഴ: നാലുദിവസമായി ആലപ്പുഴ ചുട്ടുപൊള്ളുകയാണ്. തിങ്കളാഴ്ച ജില്ലയിൽ 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. അമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചമ്പക്കുളം, ചെങ്ങന്നൂർ, ഹരിപ്പാട്, കഞ്ഞിക്കുഴി, മാവേലിക്കര, മുതുകുളം, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി, വെളിയനാട് തുടങ്ങിയ സ്ഥലങ്ങളിൽ സമാനചൂടാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും താപനില ഉയർന്നുതന്നെയായിരുന്നു. ആലപ്പുഴയിൽ സാധാരണ അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിലും താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് കനത്തതോടെ കുട്ടികൾ, പ്രായമായവർ അടക്കമുള്ളവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. ഇതൊന്നും വകവെക്കാതെയാണ് വിവിധ സാധനങ്ങൾ വാങ്ങാൻ ആളുകൾ ഉത്രാടപ്പാച്ചിലിലേക്ക് ഒഴുകിയെത്തിയത്.
വൈദ്യുതി മുടങ്ങിയാൽ വീട്ടിനുള്ളിൽ ഇരിക്കാനാവാത്ത സ്ഥിതിയാണ്. രാത്രിയിലും അസഹനീയ ചൂടാണ്. ഫാനിട്ടിട്ടും പ്രയോജനമില്ലാത്ത സ്ഥിതി.
കഠിന ചൂടുമൂലം ക്ഷീണം, തളർച്ച എന്നിവയുണ്ടാകാം. ശരീരത്തിൽ ജലാംശം, ലവണാംശം തുടങ്ങിയവ നിലനിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കണം. സംഭാരം, ലസി, ഉപ്പിട്ട് നാരങ്ങാവെള്ളം, ഉപ്പിട്ട് കഞ്ഞിവെള്ളം തുടങ്ങിയവയാണ് ഏറ്റവും നല്ലത്. ദിവസവും ഉച്ചക്കുമുമ്പ് ഇവയിലേതെങ്കിലും കുടിക്കുന്നത് ശരീരത്തിൽ സോഡിയത്തിന്റെ അംശം നിലനിർത്തുന്നതിന് സഹായിക്കും. വീട്ടിലും പുറത്തും കടക്കാനാവാത്തവിധം അന്തരീക്ഷ താപനില ഉയർന്നതോടെ പുറം ജോലികളിൽ ഏർപ്പെട്ടവരും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.