ആലപ്പുഴ: മനസ്സിനിണങ്ങിയ വീട് എല്ലാവരുടെയും സ്വപ്നമാണ്. അത് പണിത് താമസമായാൽ മനഃസമാധാനത്തോടെ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് മിക്കവർക്കും.
നിർമാണത്തിന് വാങ്ങിക്കൂട്ടിയ കടത്തെ കുറിച്ചോർത്താണ് മനഃസമാധാനം പോകുന്നത്. പണ്ടൊക്കെ വീടുപണി പഞ്ചവത്സര പദ്ധതിപോലെയായിരുന്നു. എങ്ങനെയെങ്കിലും ഭിത്തികെട്ടി കൂരയാൽ താമസം തുടങ്ങും. ബാക്കിയൊക്കെ പിന്നീട്.
കാശിന് അനുസരിച്ച് ഒപ്പിച്ചെടുക്കുന്ന രീതി ഇപ്പോൾ എവിടെയുമില്ല. മുഴുവൻ പണിയും തീർത്താണ് കരാറുകാരിൽനിന്ന് താക്കോൽ വാങ്ങി താമസം തുടങ്ങുന്നത്. ഈ രീതി സാധാരണയാതോടെയാണ് കടം പെരുകുന്ന സ്ഥിതിയുമായത്. അഞ്ചു വർഷത്തിനിടെ നിർമാണ സാമഗ്രികളുടെ വിലയിൽ വലിയ വർധനയാണുണ്ടായത്. വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കും കോൺട്രാക്ടർമാർക്കും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
നിർമാണച്ചെലവ് വർഷംതോറും കൂടുന്ന സ്ഥിതിയാണ്. കഴിഞ്ഞ വർഷത്തെ കണക്കുവെച്ച് നോക്കുമ്പോൾ ചതുരശ്രയടിക്ക് 100 മുതൽ 200 രൂപവരെയാണ് അധികചെലവ് വരുന്നത്.
സിമന്റ്, കമ്പി, മണൽ, പെയിന്റ്, ഗ്രാനൈറ്റ്, വെട്ടുകല്ല്, ബ്ലോക്ക് കല്ല്, പ്ലമ്പിങ്, ഇലക്ട്രിക് സാധനങ്ങൾ തുടങ്ങി നിർമാണത്തിന് ആവശ്യമായ അസംസ്കൃതവസ്തുക്കളുടെ വിലയിൽ വലിയ വർധനയാണ് ഒരു വർഷത്തിനിടെ ഉണ്ടായത്. അപേക്ഷാ ഫീസ്, ക്വാറി ഫീസ്, മറ്റനുബന്ധിത ഫീസുകൾ എന്നിവയിൽ സർക്കാർ ഏർപ്പെടുത്തിയ വർധനയും ചെലവേറുന്നതിന് കാരണമായി.
സാധന സാമഗ്രികൾക്ക് മുൻകാലങ്ങളിലേതുപോലെ വിലയിൽ വലിയ കുതിച്ചുയരൽ ഇപ്പോൾ ഉണ്ടാകുന്നില്ല. ഒരോ ഇനത്തിനും ഒന്നും രണ്ടും രൂപവെച്ച് കൂടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാസംതോറും ഇതുണ്ടാകുന്നു.
കഴിഞ്ഞ വർഷം ഇതേ മാസത്തെ വിലയുമായി താരതമ്യം ചെയ്താൽ വലിയ വിലക്കയറ്റം ഉണ്ടായെന്ന് മനസ്സിലാകും. കഴിഞ്ഞമാസവുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ വർധനയില്ലെന്ന് തോന്നിപ്പോകുമെന്ന് നിർമാണ മേഖലയിലുള്ളവർ പറയുന്നു. കഴിഞ്ഞ വർഷത്തെ വെച്ചുനോക്കുമ്പോൾ സിമന്റിനും സ്റ്റീലിനും കെട്ടുകമ്പിക്കുംമെല്ലാം 10 മുതൽ 20 രൂപവരെ വില കൂടിയിട്ടുണ്ട്.
വെട്ടുകല്ലിനും ബ്ലോക്ക് കല്ലിനും 10 മുതൽ 15 രൂപ കൂടിയിട്ടുണ്ട്. 50 കിലോ വരുന്ന ഒരു പാക്കറ്റ് സിമന്റിന് 350-360 രൂപയാണ് ഇപ്പോൾ വില. 70 മുതൽ 75 രൂപ വരെയാണ് സ്റ്റീലിന്റെ വില. ട്രസ് വർക്കുകൾക്ക് ആവശ്യമായ ജി.ഐ, ജി.പി പൈപ്പുകൾക്കും 10 മുതൽ 20 രൂപവരെ വിലവർധനയുണ്ടായിട്ടുണ്ട്. വീട് നിർമാണം ഒരുവർഷത്തോളമെടുത്താണ് പലരും പൂർത്തിയാക്കുന്നത്. പൂർത്തീകരണം നീളുംതോറും സമാഗ്രികൾക്ക് വേണ്ടിവരുന്ന ചെലവും ഏറും.
വസ്തുക്കളുടെ വില വർധന നിർമാണ രംഗത്തെ കോൺട്രാക്ടർമാർക്ക് വലിയ തിരിച്ചടിയാകുന്നു. സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്ന ബി.പി.എൽ കുടുംബങ്ങൾ സാമഗ്രികളുടെ വിലവർധന നിമിത്തം ആകെ വലയുകയാണ്. പദ്ധതിക്ക് സർക്കാർ അനുവദിക്കുന്നത് നാല് ലക്ഷം രൂപയാണ്. ഇതുമൂലം പണി പാതിവഴിയിൽ നിർത്തിവെക്കുന്നവരുടെ എണ്ണം ഏറുകയാണ്.
തൊഴിലാളികളുടെ വേതനവും മറ്റു നിർമാണ ചെലവുകളും കൂടുന്ന സാഹചര്യത്തിൽ കോൺട്രാക്ടർമാരുടെ സാമ്പത്തിക ബാധ്യതയും കൂടുന്നു. ഇത് പദ്ധതിയുടെ നടത്തിപ്പിനെ മന്ദഗതിയിലാക്കുന്നു. കരാർ ഏറ്റെടുത്ത സമയത്തെ വില നിലവാരമല്ല വീട് നിർമാണം പൂർത്തിയാകുമ്പോഴുള്ളത്. അപ്പോൾ കോൺട്രാക്ടർമാർ ഉഴപ്പും. തൊഴിലാളികളുടെ കൂലിയിലും വർധനയുണ്ടായി.
രണ്ട് വർഷം മുമ്പ് 800 രൂപയായിരുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഇപ്പോൾ പ്രതിദിനം 1000 രൂപയാണ് കൂലി. സ്വദേശികളായ തൊഴിലാളികൾക്ക് ജോലിയുടെ തരം അനുസരിച്ച് 1000 മുതൽ 1400 വരെയാണ് കൂലി.
ജില്ലയിൽ ക്വാറികളില്ലാത്തതിനാൽ കിഴക്കൻ ജില്ലകളിൽനിന്നാണ് ക്വാറി ഉൽപന്നങ്ങൾ എത്തുന്നത്. വണ്ടിക്കൂലി ഏറുന്നതിനാൽ ഇവിടെ എത്തുമ്പോൾ മറ്റ് ജില്ലകളിലേതിനെക്കാൾ 10 ശതമാനം വിലകൂടും. കൂടിയ വില കൊടുത്താൽപോലും പലപ്പോഴും സാധനങ്ങൾ കിട്ടാറില്ല.
ഇതുമൂലം ജില്ലയിൽ 30 ശതമാനം നിർമാണവും സ്തംഭനാവസ്ഥയിലാണ്. എം. സാൻഡ്, പി. സാൻഡ് എന്നിവക്ക് ദിവസേന വില ഉയരുകയാണ്. അതേസമയം, സിമന്റ് വില താഴ്ന്നു. പ്ലമ്പിങ്, വയറിങ് സാമഗ്രികൾക്ക് കഴിഞ്ഞവർഷത്തേക്കാൾ 10 ശതമാനം വിലവർധനയുണ്ടായി. കബോർഡുകൾ ഉപയോഗിക്കാതെ വീടിന്റെ നിർമാണം പൂർത്തിയാക്കണമെങ്കിൽ സ്ക്വയർഫീറ്റിന് 2350 രൂപയാണ് ചോദിക്കുന്നത്. മുഴുവൻ തുകയും കണ്ടെത്തിയതിന് ശേഷം നിർമാണം ആരംഭിച്ചവർക്ക് പോലും വിലക്കയറ്റത്തിൽ അടിതെറ്റുകയാണ്. കരാർ എടുത്തവരും പറഞ്ഞ തുകയിൽ നിർമാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.