അമ്പലപ്പുഴ: കൗമാരപ്രതിഭകളുടെ അറിവുകളും കൗതുകങ്ങളും സമന്വയിപ്പിച്ച് രണ്ടുനാൾ അമ്പലപ്പുഴയിൽ നടന്ന റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ ആറാംതവണയും കിരീടം ചേർത്തല ഉപജില്ലക്ക് സ്വന്തം. ഐ.ടി, ഗണിത-ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിൽ നേടിയ വിജയത്തിളക്കമാണ് ഒന്നാമത് എത്തിച്ചത്. 1080 പോയന്റാണ് ചേർത്തലയുടെ സമ്പാദ്യം. 22 ഒന്നാംസ്ഥാനവും 23 രണ്ടാം സ്ഥാനവും 36 മൂന്നാം സ്ഥാനവും 126 എ ഗ്രേഡും 71 ബി ഗ്രേഡും 22 സി ഗ്രേഡും ഉൾപ്പെടെ സ്വന്തമാക്കിയാണ് കിരീടനേട്ടം ആവർത്തിച്ചത്.
993 പോയന്റ് നേടിയ ആലപ്പുഴ ഉപജില്ല രണ്ടും 887 പോയന്റുമായി തുറവൂർ ഉപജില്ല മൂന്നും സ്ഥാനത്തെത്തി. കായംകുളം (883), മാവേലിക്കര (868), ഹരിപ്പാട് (750), തലവടി (715), ചെങ്ങന്നൂർ (714), മങ്കൊമ്പ് (633), അമ്പലപ്പുഴ (600), വെളിയനാട് (205) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ് നില.
പ്രവൃത്തിപരിചയ വിഭാഗത്തിൽ 608 പോയന്റുമായി ചേർത്തലയും സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ 123 പോയന്റുമായി ആലപ്പുഴയും സയൻസ് വിഭാഗത്തിൽ കായംകുളവും (94) ഗണിതശാസ്ത്ര മേളയിൽ ആലപ്പുഴയും ഐ.ടി വിഭാഗത്തിൽ ചേർത്തലയും ഒന്നാം സ്ഥാനം നേടി.
അമ്പലപ്പുഴ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ സി.സി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ. ജയരാജ്, ശ്രീജ രതീഷ്, അംഗം വി. അനിത, സ്കൂൾ പ്രിൻസിപ്പൽ കെ.എച്ച്. ഹനീഷ്യ, എ.ഇ.ഒ എസ്. സുമാദേവി, ബി.പി.സി.എ ജി. ജയകൃഷ്ണൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷീബാമേരി, സ്കൂൾ എച്ച്.എം.വി. ഫാൻസി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.