ആറാട്ടുപുഴ: നീലയും വെള്ളയും നിറങ്ങൾ ഇടകലർത്തി മനോഹരമായി മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന ലൈറ്റ് ഹൗസ് സഞ്ചാരികളുടെ മനം കവരുന്നു. വലിയഴീക്കൽ തീരത്താണ് കാഴ്ചകൾക്ക് വിരുന്നൊരുക്കി ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. 2022 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത ലൈറ്റ് ഹൗസ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ആയിരക്കണക്കിന് പേരാണ് ഇതിനകം സന്ദർശിച്ചത്.
കണ്ടാൽ മതിവരാത്ത ആകാശക്കാഴ്ചകളാണ് ലൈറ്റ് ഹൗസ് സമ്മാനിക്കുന്നത്. 9.18 കോടി ചെലവിൽ അഞ്ച് വശങ്ങളോടെ (പെന്റഗൺ) രാജ്യത്ത് നിർമിച്ച ആദ്യത്തെ ലൈറ്റ് ഹൗസാണിത്. 41.26 മീറ്ററാണ് ഉയരം. ഉയരത്തിന്റെ കാര്യത്തിൽ കേരളത്തിൽ രണ്ടാമത്തേതാണ്. 38 മീറ്റർ ഉയരത്തിൽവരെ സഞ്ചരിക്കാൻ ലിഫ്റ്റ് സൗകര്യത്തോടെയാണ് ലൈറ്റ് ഹൗസ് ടവർ നിർമിച്ചിട്ടുള്ളത്. ലൈറ്റ് ഹൗസ് മ്യൂസിയം, സാങ്കേതിക ക്രമീകരണം, വിനോദ സഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യം എന്നിവയും ഇവിടെയുണ്ട്. പകലാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
മുതിർന്നവർ -20രൂപ, കുട്ടികൾ -10, മുതിർന്ന പൗരൻ 10, വിദേശ പൗരൻ-50, വിഡിയോ കാമറ-50 എന്നിങ്ങനെയാണ് പ്രവേശന ഫീസ്. രാവിലെ ഒമ്പതു മുതൽ 11.45 വരെയും ഉച്ചക്ക് ശേഷം രണ്ടു മുതൽ അഞ്ചര വരെയുമാണ് പ്രവേശന സമയം.
കായംകുളം പൊഴിക്ക് കുറുകെ ആലപ്പുഴ-കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് അറബിക്കടലിന് ചാരെ നിർമിച്ചിട്ടുള്ള പാലം സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. പാലത്തിൽനിന്നാൽ പ്രഭാതത്തിൽ കായൽ കാഴ്ചകളോടൊപ്പം ഉദയസൂര്യന്റെ പൊൻകിരണങ്ങളും മറുവശത്ത് കടലിന്റെ മനോഹാരിതയും സായംസന്ധ്യയിൽ അസ്തമയത്തിന്റെ വശ്യസൗന്ദര്യവും പാലത്തിൽ ആസ്വദിക്കാൻ കഴിയും. കൂടാതെ വിശാലമായ ബീച്ചും പുലിമുട്ടും ബോട്ട് യാത്രയും, ഹാർബറുമെല്ലാം സഞ്ചാരികൾക്ക് വലിയഴീക്കൽ തീരത്തെ പ്രിയപ്പെട്ടതാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.