ആറാട്ടുപുഴ: കടലിനോട് മല്ലടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പറയാൻ കടലോളം ഉണ്ട് സങ്കടങ്ങൾ. വല നിറയുന്നത് വല്ലപ്പോഴുമാണ്. വറുതിയുടെ ദിനങ്ങളാണ് അധികവും. കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും മത്സ്യലഭ്യതക്കുറവും പ്രവർത്തനച്ചെലവിലെ വർധനയും ഭരണകൂടത്തിന്റെ തെറ്റായ നടപടികളും പ്രകൃതി ദുരന്തങ്ങളും തുടങ്ങി വിവിധങ്ങളായ കാരണങ്ങൾ മത്സ്യമേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്നു. കരിമണൽ ഖനനവും വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കലും സി.ആർ.ഇസഡ് നിയമക്കുരുക്കും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കരയിലും ഇവരുടെ നിലനിൽപിന് ഭീഷണി ഉയർത്തുന്നു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികൾ ലക്ഷ്യം കാണുന്നില്ല. വിദേശനാണ്യം ഏറെ നേടിത്തരുന്ന വിഭാഗം നേരിടുന്ന പ്രശ്നങ്ങൾ വേണ്ടത്ര ഗൗരവത്തിൽ എടുക്കാൻ ഭരണകൂടവും ശ്രമിക്കുന്നില്ല.
മത്സ്യക്ഷാമമാണ് പ്രധാന വെല്ലുവിളി. ഓരോ മത്സ്യത്തൊഴിലാളിയുടെയും ജീവിതം ഭാഗ്യപരീക്ഷണമാണ്. ഇന്നല്ലെങ്കിൽ നാളെ മത്സ്യക്കൊയ്ത്ത് കിട്ടും എന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഇവർ പണിക്ക് പോകുന്നത്. വല്ലപ്പോഴും ഒരു പണി കിട്ടിയാലായി എന്നതൊഴിച്ചാൽ നിർഭാഗ്യങ്ങളുടെ ദിനങ്ങളാണ് ഏറെയും. കടത്തിലും പട്ടിണിയിലും മുന്നോട്ടുപോകാനാകാതെ ഈ പണി തന്നെ ഉപേക്ഷിക്കുന്നവർ ദിനംപ്രതി ഏറുകയാണ്.
കാലാവസ്ഥ വ്യതിയാനവും സമുദ്രജലത്തിലുണ്ടായ മാറ്റങ്ങളും ചെറുമത്സ്യങ്ങൾ വ്യാപകമായി പിടിക്കുന്നതുമാണ് മത്സ്യലഭ്യത കുറയാൻ കാരണം. മത്സ്യത്തൊഴിലാളികളുടെ നാളെകൾ ശുഭകരമായിരിക്കില്ല എന്ന സൂചനയാണ് ഈ രംഗത്തെ വിദഗ്്ധരുടെ പഠനങ്ങളിൽനിന്ന് ബോധ്യമാകുന്നത്.
തീരക്കടലില്‍ ചൂട് കൂടുന്നതാണ് മീന്‍ക്ഷാമത്തിന് ഇടയാക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മത്തി, അയില തുടങ്ങിയ ഉപരിതല മത്സ്യങ്ങള്‍, തണുപ്പ് തേടി ഉള്‍ക്കടലിലേക്ക് വഴിമാറുന്നതായാണ് വിലയിരുത്തല്‍. 27-28 ഡിഗ്രി ചൂടാണ് ചാളമത്സ്യത്തിന് അനുയോജ്യം. കേരളത്തിന്റെ തീരക്കടലില്‍ ചൂട് അതിലും കൂടുതലാണ്. മത്തിയുടെ ഉല്പാദനത്തില് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2012ല്‍ നാലു ലക്ഷം ടണ്ണിനടുത്തായിരുന്നു മത്തിയുടെ ലഭ്യത. 2013ല്‍ അത് 2.75 ലക്ഷം ടണ്ണായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് രണ്ടുലക്ഷം ടണ്ണിനും താഴെയായി. കേരളത്തിലെ മൊത്തം മത്സ്യ ഉൽപാദനത്തിലും ഗണ്യമായ കുറവാണ് ഒരോ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അശാസ്ത്രീയ മൽസ്യബന്ധനവും കടലിനെ കാലിയാക്കുന്നതിന് കാരണമാകുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാലാവസ്ഥയിൽ പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യമേഖലയെയാണ് പ്രധാനമായും ബാധിക്കുന്നത്. സൂനാമി, ഓഖി ദുരന്തത്തിനുശേഷം കടലിന്റെ ആവാസവ്യവസ്ഥയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. കടൽ പൊടുന്നനെ പ്രക്ഷുബ്ധമാകുന്ന സാഹചര്യങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ദിവസങ്ങളും ആഴ്ചകളും കടലിൽ പോകാനാകാത്ത സാഹചര്യം മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനിടയാക്കുന്നു. ഏതാനും വർഷങ്ങളായി പ്രകൃതിയുടെ മാറ്റം മൂലം കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യം വർധിച്ചുവരുകയാണ്. പ്രതികൂല കാലാവസ്ഥ മൂലം കടലിൽ ഉണ്ടാകുന്ന അപകടങ്ങളും ജീവഹാനിയും വർധിച്ചിട്ടുണ്ട്.
പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എല്ലാം അവഗണിച്ച് ആഴം കൂട്ടലിന്റെ മറവിൽ തോട്ടപ്പള്ളിയിൽ വർഷങ്ങളായി തുടരുന്ന കരിമണൽ ഖനനവും ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. വലിയഴീക്കൽ മുതൽ തോട്ടപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ തീരശോഷണത്തിന് ഇത് കാരണമാകുന്നു.
അടിക്കടി ഉണ്ടാകുന്ന കടൽക്ഷോഭങ്ങളും തീരവാസികളുടെ നിലനിൽപിന് ഭീഷണിയാണ്. കയറിക്കിടക്കാൻ ഒരുപിടി മണ്ണുപോലും ഇല്ലാതെ വലയുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. തീരദേശ ഹൈവേയുടെ പേരിൽ വീണ്ടും ഒരു കുടിയൊഴിപ്പിക്കലിന് കളം ഒരുങ്ങുകയാണ്. കരയിലും കടലിലും നിലനിൽപിന് പാടുപെടുന്ന ഒരു സമൂഹമായി മത്സ്യത്തൊഴിലാളികൾ മാറിക്കഴിഞ്ഞു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.