ആലപ്പുഴ: 'പാക്കൂച്ചേ എൽ.ഡി.എഫ്, അൽപയാൻ സത്തക്ക് വികാസ് മാട്ടേ...എൽ.ഡി.എഫ് ഒമിദ്വാർ ശ്രീ. പി.പി. ചിത്തരഞ്ജൻ, ആപ്നോ മത്ത് ദയ് ജിത്താവോ'- ഗുജറാത്തി ഭാഷയിെല ചുവരെഴുത്ത് കണ്ടാൽ ഗുജറാത്തിലാണോയെന്ന് ആദ്യമൊന്ന് സംശയിക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മലയാളത്തിൽ മാത്രമല്ല, ഗുജറാത്തി ഭാഷയിലും വോട്ടുതേടിയുള്ള പ്രചാരണത്തിെൻറ ഭാഗമാണിത്.
സീ വ്യൂ വാർഡിലെ ഗുജറാത്തി സ്ട്രീറ്റിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തികളുടെ വോട്ടുറപ്പിക്കാനാണിത്. ഗുജറാത്തികൾക്ക് ഒറ്റനോട്ടത്തിൽ കാര്യം പിടികിട്ടും. മലയാളികൾ തലപുകച്ചാലും കാര്യംപെട്ടെന്ന് മനസ്സിലാകില്ല. തൊട്ടടുത്ത ചുവരിൽ മലയാളത്തിൽ എഴുതിയ വരികൾ വായിച്ചാൽ കാര്യം എളുപ്പമായി. 'ഉറപ്പാണ് എൽ.ഡി.എഫ്, ആലപ്പുഴയുടെ വികസനത്തിനുവേണ്ടി എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജന് നിങ്ങളുടെ വിലയേറിയ വോട്ട് നൽകി വിജയിപ്പിക്കണം' എന്നാണത്. ഇവിടെ മലയാളത്തിൽ പോസ്റ്ററും ചുവരെഴുത്തും നടത്തിയാൽ പണിപാളും.
പതിറ്റാണ്ടുകളായി കൂട്ടത്തോടെ താമസിക്കുന്ന ജൈനരും വൈഷ്ണവരുമായി നൂറുകണക്കിന് ഗുജറാത്തി കുടുംബങ്ങളുണ്ട്. കച്ചവടം അരങ്ങുവാണിരുന്ന കാലത്ത് ഇവിടെ ആയിരത്തി അഞ്ഞൂറിലേറെ ഗുജറാത്തി കുടുംബങ്ങള്‍ സ്ഥിരതാമസക്കാരായി ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ അഡ്വ. റീഗോരാജുവും ഗുജറാത്തി ഭാഷയിൽ ചുവരെഴുതിയിരുന്നു.
തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ മാത്രമാണ് രാഷ്ട്രീയക്കാർ ഇവെര ഓർക്കുന്നത്. എന്നാലും ഇവർക്ക് പരിഭവമില്ല. വോട്ടെടുപ്പ് ദിവസം പ്രായമായവർവരെ ബൂത്തുകളിൽപോയി വോട്ട് ചെയ്യും. എന്നാൽ, ഇവരുടെ രാഷ്ട്രീയനിലപാടുകൾ എന്താണെന്ന് ആർക്കുമറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.