ആലപ്പുഴ: നീണ്ട ഇടവേളക്കുശേഷം ആലപ്പുഴയിലും കോട്ടയത്തും വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ച ഒടുവിലത്തെ സാമ്പിളിലാണ് സ്ഥിരീകരണം. വെച്ചൂരിൽ ഇറച്ചിക്കോഴികളുടെയും മാരാരിക്കുളത്ത് പ്രാവിന്റെയും സാമ്പികളുകളാണ് രോഗം ഉറപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി ജില്ലയിൽ ഒരിടത്തും പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതോടെ, പക്ഷിപ്പനി ബാധിച്ച സംസ്ഥാനത്തെ 39 പ്രഭവകേന്ദ്രങ്ങളിലെയും 31 എണ്ണം ആലപ്പുഴയിലാണ്.
10 വർഷമായി ജില്ലയിൽ പക്ഷിപ്പനി ആവർത്തിക്കുകയാണ്. ഈവർഷം ഏപ്രിൽ മുതൽ തുടങ്ങിയ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാൻ ഇനിയും കഴിയാത്തതിൽ അധികൃതർക്ക് ആശങ്കയുണ്ട്. ജില്ലയിൽ പഠനംനടത്തി വിദഗ്ധസമിതി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരുന്നു. ചത്ത പക്ഷികളുടെ അവശിഷ്ടം, വിസര്‍ജ്യം, തീറ്റ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കാഞ്ഞതും പക്ഷിപ്പനി വ്യാപനത്തിന് കാരണമായെന്നായിരുന്നു വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ.
കാക്കയുള്‍പ്പെടെയുള്ള പറവകള്‍ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തിലായതോടെ മറ്റ് മേഖലകളിലേക്കും രോഗം പടർന്നു. രോഗലക്ഷണങ്ങളോടെ പക്ഷികൾ കൂട്ടത്തോടെ ചത്താലും ഇത് കണ്ടെത്താൻ രണ്ടാഴ്ചയിലേറെ സമയമെടുക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
ആദ്യം തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധന നടത്തി രോഗബാധയുണ്ടെന്ന് തിരിച്ചറിഞ്ഞാലും ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകണം. 10 മുതൽ 15 ദിവസം വരെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാകും. പക്ഷിരോഗ നിർണയത്തിന് വൈറോളജി ലാബ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. പക്ഷിപ്പനി ബാധിതമേഖയിൽ കള്ളിങ് നടത്താനും ഏറെ സമയം വേണ്ടിവരും. വൈറസിന് വ്യാപന ശേഷി കൂടുതലായതിനാല്‍ രോഗം ഒട്ടേറെ പക്ഷികളിലേക്കും പടരുന്ന സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.