പെരുമ്പളം: ബോട്ട് മുടക്കവും വാത്തികാട്-പൂത്തോട്ട ജങ്കാർ സർവിസ് നിലച്ചതും പെരുമ്പളത്ത് യാത്രക്ലേശം രൂക്ഷമാക്കി. വാത്തികാട്-പൂത്തോട്ട ബോട്ട് സർവിസുകൾ മുടങ്ങുന്നത് പതിവായി. ഇതിനാൽ ആളുകൾക്ക് സമയത്ത് ജോലി സ്ഥലത്തും മറ്റ് അത്യാവശ്യകാര്യങ്ങൾക്കും എത്താൻ കഴിയാറില്ല. ബോട്ടുകൾ കുറവായതിനാൽ ഉള്ള ബോട്ടുകളിൽ താങ്ങാവുന്ന പരിധിക്കപ്പുറം ആളെ കയറ്റുന്നതുമൂലം കുട്ടികളെ യാത്രയാക്കുന്ന രക്ഷിതാക്കൾക്ക് ഉൾപ്പെടെ ആശങ്കയിലാണ്.
പെരുമ്പളം പാണാവള്ളി മേഖലകളിൽ സർവിസ് നടത്തുന്ന ബോട്ടുകളിലധികം കാലപ്പഴക്കം ചെന്നതാണെന്ന പരാതിയുണ്ട്. നന്നാക്കാൻ കൊണ്ടുപോകുന്ന ബോട്ടുകൾ നന്നാക്കിയതിനുശേഷം വേറെ സ്റ്റേഷനുകളിലാണ് സർവിസ് നടത്തുന്നതെന്നാണ് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
വലിയ കൊട്ടിഗ്ഘോഷങ്ങളുമായെത്തിയ കറ്റാമറയിൻ ഒരു മാസമായി മുടങ്ങിക്കിടക്കുകയാണ്. വാർഷിക അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും അതിന് സമയമായിട്ടില്ലയെന്നാണ് പറയുന്നത്. നിർമാണ തകരാണോ എന്ന സംശയം പൊതുജനങ്ങളിൽനിന്ന് ഉയരുന്നുണ്ട്. നിലവിലുള്ള യാത്രതടസ്സവും മറ്റ് പരാതികളും കാണിച്ച് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.
വാത്തികാട്-പൂത്തോട്ട ജങ്കാർ സർവിസ് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണ് നിർത്തിവെച്ചിരിക്കുന്നതെന്നും ജനങ്ങളുടെ യാത്രദുരിതത്തിന് അധികാരികൾ ഇടപെട്ട് എത്രയും വേഗം പരിഹാരം കണ്ടില്ലായെങ്കിൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് വീണ്ടും സമരമുഖത്തേക്കിറങ്ങുമെന്ന് മണ്ഡലം ജനറൽ സെക്രട്ടറി സജീവ് പ്രഭാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.