ആലപ്പുഴ: 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസിന്റെ ഭാവി തുലാസിലാക്കുന്നു.
മന്ത്രിയാകുമെന്ന് കരുതിയിടത്തുനിന്ന് അടുത്തതവണ കുട്ടനാട്ടിൽ പാർട്ടി സീറ്റിൽ മത്സരിക്കാനാകുമോ എന്ന നിലയിലേക്കാണ് സ്ഥിതിഗതികളുടെ പോക്ക്. ആരോപണം തോമസ് കെ. തോമസ് നിഷേധിക്കുന്നെങ്കിലും സി.പി.എം നേതൃത്വവും എൽ.ഡി.എഫിലെ ഘടകകക്ഷികളും വെറും ആരോപണമായി അതിനെ കാണുന്നില്ല എന്നാണ് സൂചന.
സ്വന്തം മുന്നണിയിലെ ഘടകകക്ഷി എം.എൽ.എ മുന്നണിയിലെ എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമം നടത്തിയത് ഗൗരവമായി കാണുന്നു എന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. അത്തരം ശ്രമം നടത്തിയ ആളെ വീണ്ടും മുന്നണിയുടെ ലേബലിൽ മത്സരിക്കാൻ അനുവദിക്കുമോ എന്ന ചോദ്യമാണ് കുട്ടനാട്ടിൽ ഉയരുന്നത്. വ്യക്തത വരേണ്ട ഒട്ടേറെ ചോദ്യങ്ങളാണ് സംഭവം ഉയർത്തുന്നത്. ഇടതുമുന്നണിയിലെ രണ്ട് എം.എൽ.എമാരെ എൻ.ഡി.എ മുന്നണിയിലേക്ക് കൂറുമാറ്റുന്നതിന്റെ ആവശ്യമെന്ത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. 100 കോടി രൂപ കൊടുത്ത് രണ്ട് എം.എൽ.എമാരെ വിലയ്ക്ക് വാങ്ങിയിട്ട് എന്തുചെയ്യാനെന്ന ചോദ്യം തോമസ് കെ. തോമസും ഉയർത്തുന്നു.
താൻ മന്ത്രിയാകുന്നത് തടയാൻ ആന്റണി രാജു നടത്തിയ ഗൂഢാലോചനയാണ് കോഴക്കഥയെന്നാണ് തോമസ് കെ. തോമസിന്റെ ആരോപണം. തോമസ് കെ. തോമസ് മന്ത്രിയാകുന്നത് ആന്റണി രാജു എന്തിന് തടയണമെന്ന ചോദ്യവുമുയരുന്നു.
തോമസ് കെ. തോമസ് മന്ത്രിയാകുന്നത് തടയുന്നതിന് സ്വന്തം പാർട്ടിയിലെ മന്ത്രി എ.കെ. ശശീന്ദ്രൻ നടത്തിയ ഓപറേഷനാണ് കോഴ വിവാദം എന്നും പറയുന്നവരുണ്ട്. നിയമസഭയിൽ സാന്നിധ്യമുറപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തോമസ് കെ. തോമസിനെ ഉപയോഗിച്ച് നടത്തിയ നീക്കമാണ് എന്ന പ്രചാരണവും നടക്കുന്നു. നവീൻബാബുവിന്റെ ആത്മഹത്യ ഉയർത്തിയ വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ മെനഞ്ഞ കഥയാണിതെന്ന വാദവുമുണ്ട്.
എൻ.സി.പി ദേശീയതലത്തിൽ പിളർന്നപ്പോഴും അത് ബാധിക്കാത്ത ഇടമാണ് കേരള ഘടകം. രണ്ട് എം.എൽ.എമാരും ഒറ്റക്കെട്ടായി ശരത് പവാറിനൊപ്പം നിന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുമായി ഇടഞ്ഞ നിലയിലായിരുന്നു തോമസ് കെ. തോമസ് എങ്കിലും അജിത് പവാറിനൊപ്പം പോകാൻ അദ്ദേഹം തയാറായില്ല. അതിനടിയിലാണ് പിളർത്താൻ ശ്രമം നടന്നുവെന്ന് വെളിപ്പെടുന്നത്. അതറിഞ്ഞാവാം പി.സി. ചാക്കോ അടുത്തിടെ തോമസ് കെ. തോമസുമായി ചങ്ങാത്തതിലായതും അദ്ദേഹത്തിന് മന്ത്രിപദവി വാഗ്ദാനം ചെയ്തതുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
എൻ.സി.പിയിൽനിന്ന് കുട്ടനാട് മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എമ്മിൽ ശക്തമാണ്. ജനാധിപത്യ കേരള കോൺഗ്രസിന് വേരോട്ടമുള്ള മണ്ഡലമാണ് കുട്ടനാട്. അതിനാൽ ആന്റണി രാജു മണ്ഡലത്തിൽ നോട്ടമിട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമാണ് ആരോപണമെന്നും പറയപ്പെടുന്നു.
നേരത്തേ എൻ.സി.പിയിലുണ്ടായിരുന്ന റെജി ചെറിയാന്റെ നേതൃത്വത്തിൽ ഒരുവിഭാഗം അടുത്തിടെ കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് പോയിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാനായിരിക്കുമെന്ന് പറയപ്പെടുന്നുണ്ട്. തോമസ് കെ. തോമസ് മുന്നണിമാറിയാലും കുട്ടനാട് സീറ്റ് ലഭിക്കുമെന്ന് ഉറപ്പ് പറയാനാകാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.