പെരുമ്പളം: ബി.എസ്.എൻ.എൽ ഉപഭോക്താക്കളായ പെരുമ്പളം ദീപ് നിവാസികളെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. പരാതികളും നിവേദനങ്ങളും പ്രതിഷേധങ്ങളുമെല്ലാം ഉണ്ടായിട്ടും അധികാരികൾക്ക് കുലുക്കമില്ല. സേവനങ്ങൾ ലഭിക്കാതായതിനെത്തുടർന്ന് ഭൂരിഭാഗം ഉപഭോക്താക്കളും വർഷങ്ങൾക്കുമുമ്പുതന്നെ ലാൻഡ് ഫോൺ ഉപേക്ഷിച്ചു. മൊബൈലിലും കണക്ഷൻ സംവിധാനങ്ങൾ തകരാറിലായിട്ട് മാസങ്ങളാവുകയാണ്. പലപ്രാവശ്യം വിളിച്ചാലും ഫോൺ കിട്ടില്ല. കിട്ടിയാൽതന്നെ അപശബ്ദങ്ങൾ കാരണം സംസാരിക്കാനോ കേൾക്കാനോ കഴിയുകയില്ല. കസ്റ്റമർ കെയറിൽ വിളിച്ചാലും മറുപടിയില്ല. കേബിൾ തകരാർ കാരണം സംഭവിച്ചതാണെന്നും തകരാർ പരിഹരിച്ചിട്ടുണ്ടെന്നുമാണ് ബന്ധപ്പെട്ടവരെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.
അരയംകുളങ്ങര ക്ഷേത്രം കവലയിലെ എക്സ്ചേഞ്ചിൽ പരാതി പറയാൻ ചെന്നാൽ ജനറേറ്റർ പ്രവർത്തിപ്പിക്കുന്ന ഓപറേറ്റർ മാത്രമാണ് ഉണ്ടാവുക. അമ്പതോളം സെൻറിലുള്ള ഓഫിസ് കെട്ടിടം കാടുപിടിച്ച് കിടക്കുകയാണ്. പെരുമ്പളത്ത് കേന്ദ്രസർക്കാറിേൻറതായ രണ്ട് ഓഫിസുകളേയുള്ളൂ. അതിൽ ഒന്നിെൻറ അവസ്ഥയാണിത്.
ബി.എസ്.എൻ.എൽ നെറ്റ് കണക്ഷൻ എടുത്തവരുടെ അവസ്ഥയും പരിതാപകരമാണ്. വേണ്ടത്ര സ്പീഡില്ലാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ പഠനംപോലും മുടങ്ങുകയാണ്. ത്രീജി സംവിധാനം മാത്രമേ ഇവിടെയുള്ളൂ. പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ചയോളം ഫോർ ജി ആക്കിയപ്പോൾ നല്ല വേഗത ലഭിച്ചിരുന്നു. സ്ഥിരമായി ഫോർ ജി ആക്കാൻ കുറച്ച് സംവിധാനങ്ങൾ പൂർത്തീകരിക്കണമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഇതിനായുള്ള ചില മെഷിനറികൾ വരുത്തേണ്ടതുണ്ടെന്നും ലോക്ഡൗൺ കാരണം വരുന്നില്ലായെന്നുമാണ് അധികാരികൾ പറഞ്ഞത്. നിരവധി വരിക്കാർ ബി.എസ്.എൻ.എൽ വിട്ട് മറ്റ് സ്വകാര്യ കമ്പനികളിലേക്ക് മാറിക്കഴിഞ്ഞു. അധികാരികളുടെ അവഗണന തുടർന്നാൽ പെരുമ്പളം ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ നൂറിലധികംപേർ സ്വകാര്യ കമ്പനികളിലേക്ക് ഒരുമിച്ച് പോർട്ട് ചെയ്യുമെന്ന വെല്ലുവിളിയും സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.