ചാരുംമൂട്: ഗ്രാമീണ റോഡുകൾ തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായി. എന്നിട്ടും റോഡുകൾ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിനെ ഉളവുക്കാടുമായി ബന്ധിപ്പിക്കുന്ന റേഷൻ കടമുക്ക് - കണ്ണങ്കര റോഡ്, വണ്ടിപ്പുര- കുഴിയത്ത് പോക്കറ്റ് റോഡ് തുടങ്ങി നിരവധി റോഡുകൾ തകർന്നു തരിപ്പണമായി ഗർത്തങ്ങൾ രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലന്നാണ് പരാതി ഉയരുന്നത്.
പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡുകളിലൂടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. നൂറനാട് ജങ്ഷൻ, എരുമക്കുഴി പബ്ലിക് മാർക്കറ്റ്, പാറ- ഇടപ്പോൺ റോഡ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായകരമാണ് റേഷൻ കട - കണ്ണങ്കര റോഡ്.
വാഹനത്തിരക്കേറിയ കെ.പി റോഡിൽ കയറാതെ നൂറനാട്ടുകാർക്ക് ഉളവുക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും പന്തളം ഭാഗത്തേക്കും വേഗത്തിൽ എത്താൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. നൂറുകണക്കിനു വീട്ടുകാർക്ക് പ്രധാന റോഡിലെത്താനുള്ള ഓരേയൊരു വഴിയാണ് തകർന്നു കിടക്കുന്ന ഈ റോഡ്.
മുതുകാട്ടുകര - ടൗൺ വാർഡുകളിലൂടെ കടന്നുപോകുന്ന കേവലം 100 മീറ്റർ മാത്രം ദൂരം വരുന്ന വണ്ടിപ്പുര- കുഴിയത്ത് പോക്കറ്റ് റോഡ് ടാറിങ് ഇളകി തകർന്നു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
പാറ - ഇടപ്പോൺ റോഡുമാർഗം വരുന്ന ചെറു വാഹനങ്ങൾക്ക് ഗതാഗതകുരുക്കുള്ള പാറ ജങ്ഷനിൽ പ്രവേശിക്കാതെ വേഗത്തിൽ നൂറനാട് ജങ്ഷനിലേക്കും അടൂർ ഭാഗത്തേക്കും കടക്കുവാനുള്ള എളുപ്പമാർഗമാണ് ഈ റോഡ്.
എരുമക്കുഴി പബ്ലിക് മാർക്കറ്റ്, പൊലീസ് സ്റ്റേഷൻ, ട്രഷറി, വില്ലേജ് - പഞ്ചായത്ത്, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വടക്കൻ മേഖലയിൽ നിന്നും വരുന്നവർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
15 വർഷം മുമ്പാണ് അവസാനമായി റോഡ് ടാറിട്ട് സഞ്ചാരയോഗ്യമാക്കിയത്. പത്തോളം സ്കൂൾ വാഹനങ്ങളാണ് സ്കൂൾ ദിനങ്ങളിൽ ഇതു വഴി കടന്നു പോകുന്നത്. ഈ റോഡുകളിലെ ഗർത്തങ്ങളിൽ നിറഞ്ഞു കിടക്കുന്ന മഴവെള്ളം ഇരുചക്രവാഹനയാത്രക്കാർ ക്ക് പേടി സ്വപ്നമാണ്. ദിനം പ്രതി ഒന്നിൽ കൂടുതൽ അപകടങ്ങളാണ് റോഡുകളിൽ ഉണ്ടാകുന്നത്. റോഡുകൾ അടിയന്തിരമായി പുനർനിർമിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാന്നാർ: നിലവിലെ ജില്ല പഞ്ചായത്തംഗം 2021-22 പദ്ധതിയിൽപെടുത്തി 79,000 രൂപ ചെലവഴിച്ച് റീ ടാറിങ് നടത്തിയ മാന്നാർ പരുമലകടവ്-പാവുക്കര മുല്ലശ്ശേരികടവ്-റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നു. ഏഴുലക്ഷം രൂപ അനുവദിച്ച് തകർന്ന ഭാഗം ഇന്റർലോക് ചെയ്തും ബാക്കി റീ ടാറിങ് നടത്തിയും നവീകരിക്കുമെന്ന ഉറപ്പ് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരിയും അഞ്ചാം വാർഡ് മെംബർ ഷൈന വാസും എൻജിനീയറും സ്ഥലം സന്ദർശിച്ചു നാട്ടുകാർക്ക് ഉറപ്പു നൽകിയിട്ട് നാലുമാസം പിന്നിട്ടു. ഇതുവരെ ഒരു നടപടിയുമായില്ല. ടെൻഡർ നടപടികൾക്ക് കാലതാമസമുണ്ടെങ്കിൽ പ്രസിഡന്റിന്റെ അടിയന്തരവശ്യമായ ഫണ്ടിൽനിന്നു ജി.എസ്.പി നിരത്തി തൽക്കാലികമായി കുഴിയും തടങ്ങളും നിരപ്പാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് യു.ഡി.എഫ് ചെയർമാൻ ടി.കെ. ഷാജഹാൻ ആവശ്യപ്പെട്ടു.
അതിനിടെ, റോഡിനു തനത് ഫണ്ടിൽനിന്ന് 2023-24ൽ മാന്നാർ ഗ്രാമപഞ്ചായത്ത് ഏഴരലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും കരാറുകാർ വർക്ക് ഏറ്റെടുക്കാതിരുന്നതിനാലാണ് പുനരുദ്ധാരണം നടക്കാതിരുന്നതെന്നും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരിയും സി.പി.എം പാർലമെന്ററി പാർട്ടി ലീഡറും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ വി.ആർ. ശിവപ്രസാദും അറിയിച്ചു. ഈ വർഷംതന്നെ പുനരുദ്ധാരണം നടത്തും. യു.ഡി.എഫ് ചെയർമാൻ ഷാജഹാനെ പോലുള്ള കോൺട്രാക്ടർ ഈ വർക്ക് എടുക്കാതിരുന്നതു വാർഡിൽ ലീഗിന്റെ മെംബറയാതുകൊണ്ടാണ്. എന്നിട്ടും സമരത്തിനൊരുങ്ങുന്നത് ഈ വാർഡ് ലീഗിൽനിന്നും തട്ടിയെടുക്കാൻ ഉന്നമിട്ടുകൊണ്ടാണെന്ന് രത്നകുമാരിയും ശിവപ്രസാദും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.