ചാരുംമൂട്: കോവിഡുകാലത്ത് കുടുംബത്തിന് കൈത്താങ്ങാകാൻ ഹോട്ടൽ ജോലിക്ക് പോയി വാഹനാപകടത്തിൽപെട്ട് കിടപ്പിലായ വിദ്യാർഥി ചികിത്സ സഹായം തേടുന്നു. വലതുകാലിനും നടുവിനും ഗുരുതര പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നിവർന്നിരിക്കാൻപോലും കഴിയില്ല. മാവേലിക്കര താലൂക്കിൽ താമരക്കുളം ഇരപ്പൻപാറ സുനിതഭവനത്തിൽ ശരവണൻ-സുനിത ദമ്പതികളുടെ മകൻ ചെങ്ങന്നൂർ ഐ.ടി.ഐയിലെ ഫിറ്റർ വിഭാഗം വിദ്യാർഥി വൈശാഖാണ് (20) കിടപ്പിലായത്.
ഡിസംബർ 21ന് രാത്രി തിരുവല്ലയിലെ ഹോട്ടലിലേക്ക് സാധനങ്ങൾ വാങ്ങി കാറിൽ വരുമ്പോൾ തുകലശ്ശേരിയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വാഹനം വെട്ടിപ്പൊളിച്ചാണ് വൈശാഖിനെ പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വൈശാഖ് അഞ്ചുദിവസത്തോളം അബോധാവസ്ഥയിലായിരുന്നു.
വലതുകാലിനും നടുവിനും അടിയന്തര ശസ്ത്രക്രിയ നടത്തി. ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റിട്ടുണ്ട്. 25 ദിവസത്തോളം ആശുപത്രിയിലായിരുന്നു. ഡ്രസിങ്ങിന് സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതുപോലും ആംബുലൻസിലാണ്. ഒരാഴ്ച കൂടുമ്പോൾ മെഡിക്കൽ കോളജിലും എത്തണം. ഇപ്പോൾതന്നെ നല്ലൊരു തുക വേണ്ടിവന്നു.
പിതാവ് ശരവണൻ പോളണ്ടിലാണെങ്കിലും കോവിഡുമൂലം ജോലിയില്ലാതെ കഴിയുകയാണ്. തയ്യൽ ജോലി ചെയ്തുവന്നിരുന്ന മാതാവ് സുനിത മകനെ പരിചരിക്കേണ്ടതിനാൽ ഉള്ള ജോലി ചെയ്യാനും കഴിയുന്നില്ല. ഫെഡറൽ ബാങ്ക് താമരക്കുളം ശാഖയിലെ കുടുംബത്തിെൻറ അക്കൗണ്ട് നമ്പർ: 18700100026660. ഐ.എഫ്.എസ് കോഡ്: FDRL0001870. ഫോൺ: 9544976578.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.