ചേർത്തല: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമാണ ജോലികൾ നടക്കുന്നതോടെ യാത്രക്കാർക്ക് ഗതാഗത ക്കുരുക്ക് ദുരിതമാകുന്നു. മഴക്കാലമായതോടെ പലയിടങ്ങളിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും പോകാൻ പറ്റാത്ത സ്ഥിതിയായി. സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികൾക്കും വലിയ ദുരിതമാകും ദേശീയപാത നിർമാണം. ഉയരപ്പാത നിർമിക്കുന്നതിനായി വിവിധ കവലകളിൽ വലിയ രീതിയിൽ ബീമുകൾ വാർക്കുന്ന ജോലികളാണ് നിലവിൽ നടക്കുന്നത്. ഈ കവലകളിൽ നാലു വശങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്ക് പോകേണ്ട റോഡുകൾ താൽക്കാലികമായി വളരെ ചെറുതായായിട്ടാണ് നിർമിച്ചത്.
കവലയിൽ എത്തുന്ന വാഹനങ്ങൾ എങ്ങോട്ട് തിരിയണം എന്ന ആശയക്കുഴപ്പവും ഉണ്ടാക്കുന്നു. 45 മീറ്റർ നാലുവരി പാതയുടെ മധ്യത്തിലാണ് ഉയരപ്പാത നിർമാണ പ്രവർത്തനം നടക്കുന്നത്. പാതയുടെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതി കൂട്ടിയെങ്കിലും രണ്ട് വാഹനങ്ങൾ കഷ്ടിച്ചാണ് പോകുന്നത്. ഇവിടെ കോൺക്രീറ്റ് ജോലികൾ നടക്കുമ്പോൾ ഗതാഗതം പൂർണമായും തടസ്സപ്പെടുകയാണ്. മുന്നറിയിപ്പു പോലും ഇല്ലാതെയാണ് കരാറുകാരൻ നിർമാണ ജോലികൾ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
ഗതാഗതം നിയന്ത്രിക്കുന്നതിനായി കരാറുകാർ മാർഷൽമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരെ ആരും വകവെക്കാറില്ല. പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചാൽ കുരുക്കും അപകടങ്ങളും കുറക്കാനാകുമെന്ന് യാത്രക്കാർ പറയുന്നു. മുമ്പ് ചേർത്തല മുതൽ അരൂർ വരെ പാതയിൽ ലൈൻ ട്രാഫിക് പരിശോധനക്കായി ഒരു ജീപ്പും ഹൈവേ പൊലീസും ഉണ്ടായിരുന്നു. നിലവിൽ ഹൈവേ പൊലീസിന്റെ വാഹനം മാത്രമാണുള്ളത്. ചേർത്തലയിലെ മായിത്തറയിലുള്ള അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമാണ യാർഡിലാണ് ഗർഡറുകൾ കോൺക്രീറ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ നിന്നും 35 മീറ്റർ നീളമുള്ള ട്രെയ്ലർ ലോറിയിലാണ് ഗർഡർ കൊണ്ടുപോകുന്നത്. ഇത് കൊണ്ടുപോകുമ്പോഴാണ് വലിയ രീതിയിൽ ഗതാഗതം തടസ്സം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.