ചേർത്തല: ഇരുവൃക്കകളും തകരാറായ എട്ടു വയസുകാരൻ ഗുരുതരാവസ്ഥയിൽ. ബാങ്ക് വായ്പയെടുത്ത് എട്ടു വർഷം കുട്ടിയെ ചികിത്സിച്ച ജപ്തി ഭീഷണിയിലാണ്. നഗരസഭ 26ാം വാർഡ് യാഗേഷ് ഭവനിൽ ഗുരുപിള്ള - ഷീജ ദമ്പതികളുടെ മകൻ യാഗേഷ് ആണ് ഇരു വൃക്കകളും 60 ശതമാനത്തോളം തകരാറായി ഗുരുതരാവസ്ഥയിലായത്.
യാഗേഷ് ജനിച്ചപ്പോൾ മുതുകിൽ മുഴയുണ്ടായിരുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം മൂന്നാമത്തെ മാസം കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയതോടെ അരക്ക് താഴെ തളർന്ന് ഇരുകാലുകൾക്കും സ്വാധീനം നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും കോട്ടയം ഐ.സി.എച്ചിലും ചികിത്സ നടത്തിയെങ്കിലും ഫലം കണ്ടില്ല. എറണകുളത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും രോഗമെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല.
നിലവിൽ മൂത്രം പോകുന്നത് ട്യൂബിന്റെ സഹായത്തോടെയാണ്. ശസ്ത്രക്രിയയെത്തുടർന്ന് ഞരമ്പുകളുടെ തകരാറിലായതാണ് യാഗേഷിന്റെ അവസ്ഥക്ക് കാരണമെന്ന് മാതാപിതാക്കൾ പറയുന്നു. രോഗമെന്തെന്ന് കണ്ടുപിടിക്കാതെ ചികിത്സിച്ചതെന്നും ഇവർ ആരോപിച്ചു ഇനിയും വിദഗ്ധചികിത്സ നടത്താൻ കുടുംബത്തിന് കഴിവില്ല. ഫാമുകളിൽ നിന്ന് പാൽ ശേഖരിച്ച് വീടുകളിൽ വിൽക്കുന്നയാളാണ് ഗുരുപിള്ള. ചികിത്സക്ക് വേണ്ടി ബാങ്ക് ഓഫ് ബറോഡ ചേർത്തല ശാഖയിൽ മൂന്ന് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി വായ്പ എടുത്തിരുന്നു.
പിന്നീട് പലിശ കൂടി വലിയ തുകയാവുകയും ബാങ്ക് നടപടിക്കൊരുങ്ങുകയും ചെയ്തതതോടെ, എറണാകുളത്തെ സ്വകാര്യ ബാങ്കിൽ നിന്ന് 27 ലക്ഷം രൂപ കടമെടുത്ത് ബറോഡ ബാങ്കിലെ പണം പലിശസഹിതം അടച്ചു. ജപ്തി നടപടികളിൽ നിന്ന് താത്കാലികമായി രക്ഷപ്പെട്ടെങ്കിലും മൂന്നാഴ്ച മുമ്പ് എറണാകുളത്തെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്.
ഗുരുതരാവസ്ഥയിൽ കഴിയുന്ന യാഗേഷിനെയും കൊണ്ട് തെരുവിലിറങ്ങേണ്ട അവസ്ഥയാണ്. ചികിത്സക്കും കിടപ്പാടം നിലനിർത്താനുമായി കുടുംബം കനിവുള്ളവരുടെ സഹായം തേടുകയാണ്. ഗുരു പിള്ള കെ.യു എന്ന പേരിൽ ചേർത്തല ബാങ്ക് ഓഫ് ബറോഡയിൽ അകൗണ്ട് തുറന്നിട്ടുണ്ട്. അകൗണ്ട് നമ്പർ: 36990100009813.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.