ചേർത്തല: നവവധു ഹേന മരിച്ചത് അടുത്ത വീട്ടുകാർപോലും അറിഞ്ഞില്ല. ഭർത്താവ് കൊലപ്പെടുത്തിയ ചേർത്തല കാളികുളം അനന്തപുരം വീട്ടിൽ ഹേനയുടെ (42) സംസ്കാരം കൊല്ലത്ത് നടന്നശേഷമാണ് പ്രദേശവാസികൾ അറിയുന്നത്. ഇരുനില വീടിന്റെ മുകളിലെ നിലയിൽനിന്ന് ഹേനയെ ഭർത്താവ് അപ്പുക്കുട്ടൻ താഴത്തെ മുറിയിൽ ഇറക്കുകയില്ലായിരുന്നു. പാരമ്പര്യവൈദ്യ ചികിത്സയും മരുന്ന് വിൽപനയും വീടിന്റ താഴത്തെ നിലയിലാണ് നടന്നിരുന്നത്. ചികിത്സക്ക് ഇതര ജില്ലകളിൽ നിന്നുപോലും ആളുകൾ എത്താറുണ്ടായിരുന്നു. 2021 ഒക്ടോബർ 25 നായിരുന്നു ഇവരുടെ വിവാഹം. തുടക്കം മുതൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായി അപ്പുക്കുട്ടൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
സ്ത്രീധനം ചോദിക്കാതെയായിരുന്നു വിവാഹമെങ്കിലും വിവാഹശേഷം 80 പവൻ സ്വർണം നൽകിയിരുന്നു. പിന്നീടാണ് അപ്പുക്കുട്ടൻ സമ്പത്തിനായി മുറവിളി കൂട്ടിയത്. കൊല്ലത്ത് നല്ല സാമ്പത്തിക സ്ഥിതിയിൽ ജീവിക്കുന്ന ഹേനയുടെ മാതാപിതാക്കളോട് പലവട്ടമായി ലക്ഷങ്ങൾ വാങ്ങിയതായി അപ്പുക്കുട്ടൻ സമ്മതിച്ചിട്ടുണ്ട്. ഇതിനൊപ്പം ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവയും വാങ്ങി നൽകി. ചെറുപ്പം മുതൽ മനോദൗർബല്യമുള്ള ഹേനക്ക് വീട്ട് ജോലിക്ക് ബന്ധുവായ ഉഷയെ ദിവസം 500 രൂപ ശമ്പളത്തിൽ ഹേനയുടെ പിതാവ് പ്രേംകുമാർ നിർത്തിയിരുന്നു. കടക്കരപ്പള്ളി സ്വദേശിനിയായ ഉഷയെ കൊണ്ടുവരുന്നതും പോകുന്നതും അപ്പുക്കുട്ടനായിരുന്നു. എന്നാൽ, ഒരുദിവസം പോലും ഹേനയെ അപ്പുക്കുട്ടൻ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു.
10 ദിവസം മുമ്പ് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് അപ്പുക്കുട്ടൻ വിളിച്ചിരുന്നു. എന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞ് തീരുന്നതിന് മുമ്പേ ഫോൺ കട്ടാക്കിയെന്ന് പ്രേംകുമാർ പറഞ്ഞു. പിന്നീട് മരണം നടന്ന 26ന് ഉച്ചക്കാണ് വീണ്ടും പ്രേംകുമാറിനെ അപ്പുക്കുട്ടൻ വിളിക്കുന്നത്.
ഹേനക്ക് അസുഖം കൂടുതലാണെന്നും ഉടൻ വരണമെന്നും ആവശ്യപ്പെട്ടായിരുന്നു വിളി. കായംകുളത്ത് എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. വിദേശത്തുള്ള സഹോദരി സുമയാണ് ഹേനക്കുവേണ്ടി പണം നൽകിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.