ചേർത്തല: തിരുവോണദിവസം ദ്രവിച്ച വീൽചെയറിൽ റോഡിൽ നിന്ന വിനോദിന് മന്ത്രി പി. പ്രസാദിനെയും കലക്ടർ എ. അലക്സാണ്ടറിനെയും കണ്ടപ്പോൾ ആദ്യം വിസ്മയവും പിന്നെ ആശ്വാസവുമായി. ഏഴ് വർഷമായി തളർന്നുകിടക്കുന്ന മുള്ളൻചിറ വിനോദിെൻറ (49) വീട്ടിലാണ് ഇരുവരും എത്തിയത്. കഴിഞ്ഞ 18ന് മകൾ വിസ്മയയുടെ വിവാഹശേഷം വിനോദിെൻറ ജീവിതം മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ലോട്ടറി ടിക്കറ്റ് വിൽപനക്കാരനായ വിനോദിെൻറ ഇലക്ട്രോണിക് വീൽ ചെയറിെൻറ ബാറ്ററി ഉപയോഗശൂന്യമായതോടെ ജീവിതം വഴിമുട്ടിയിരുന്നു.
കേടായ ബാറ്ററി മാറി വാങ്ങാൻ പണമില്ലാതെ പ്രയാസപ്പെടുന്ന വിനോദിനെക്കുറിച്ച മാധ്യമവാർത്തയെത്തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം ജില്ല സാമൂഹികനീതി ഓഫിസർ എ.ഒ. അബീൻ മുഖേന സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ചാരിറ്റബിൾ കൾചറൽ ഓർഗനൈസേഷൻ കേരളയുടെ ചേർത്തല ഘടകം ഭാരവാഹികളായ എം. കൃഷ്ണനും എസ്. ശിവമോഹനെയും ബന്ധപ്പെട്ടതോടെ 7000 രൂപ വിലയുള്ള ബാറ്ററി വാങ്ങി നൽകുകയായിരുന്നു. വിനോദിെൻറ വീട്ടിലെത്തിയ മന്ത്രി പി. പ്രസാദ് ഒരു മെക്കാനിക്കായി മാറി.
പുതിയ ബാറ്ററി ഘടിപ്പിച്ചതോടെ വീൽചെയർ ഉരുണ്ടുതുടങ്ങി. വീൽചെയർ നന്നാക്കിക്കിട്ടിയതിെല വിനോദിെൻറ സന്തോഷത്തിൽ എല്ലാവരും പങ്കുചേർന്നു. 26 വർഷമായി ആഞ്ഞിലിപ്പാലത്തിന് സമീപം പുറമ്പോക്കിൽ ചെറിയ കൂരയിൽ കഴിയുന്ന വിനോദിെൻറ മൂത്തമകൾ വിസ്മയയെ മാരാരിക്കുളം സ്വദേശി ജോൺസൺ ജോസഫ് വിവാഹം ചെയ്തതോടെ 10ാംതരം വരെ പഠിച്ച ഇളയമകൾ വിനയ പഠനം നിർത്തി വിനോദിെൻറ സംരക്ഷണച്ചുമതല ഏറ്റെടുത്തു.
വർഷങ്ങളായി കിടപ്പിലായതിനാൽ അരക്ക് കീഴെ പിന്നിൽ 16 വ്രണങ്ങളുണ്ട്. ഇതെല്ലാം ശുശ്രൂഷിച്ചിരുന്നത് മൂത്ത മകളായ വിസ്മയയായിരുന്നു. മുക്കാൽ മണിക്കൂറോളം വിനോദിെനാപ്പം െചലവഴിച്ച ശേഷമാണ് മന്ത്രിയും കലക്ടറും മടങ്ങിയത്. എ.ഡി.ആർ.എഫ് ഡയറക്ടർ പ്രേം സായി, ഭിന്നശേഷി സഹകരണ സംഘം പ്രതിനിധി സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.