ചേർത്തല: രണ്ടുപതിറ്റാണ്ടായി കാത്തിരുന്ന നെടുമ്പ്രക്കാട്-വിളക്കുമരം പാലം യാഥാർഥ്യത്തിലേക്ക്. പാലം സ്വപ്നം സഫലമാകുന്നതോടെ ചേർത്തല നഗരസഭയുടെ വടക്കുകിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിന് വഴിതെളിയും. പാലത്തിന് 245.8 മീറ്റർ നീളവും11 മീറ്റർ വീതിയുമാണുള്ളത്. 1.50 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കാരണം തുറന്നുകൊടുക്കാനിരുന്ന പാലം ജൂണിൽ നാടിനു സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. പരപ്പേൽ ഭാഗത്തും വിളക്കുമരം ഭാഗത്തും അപ്രോച്ച് റോഡിനായി 30 സെന്റിലധികം വീതം സ്ഥലമാണ് ഏറ്റെടുത്തത്. ഇവിടെയുള്ള മരങ്ങൾ വെട്ടിനീക്കിയ ശേഷം റോഡ് നിർമാണം നടക്കുകയാണ്.
2005 ജനുവരി 15നാണ് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ചേർത്തല നഗരസഭയേയും ചേന്നം പള്ളിപ്പുറം പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാലത്തിന് തറക്കല്ലിട്ടത്. ഒന്നര പതിറ്റാണ്ടിനുശേഷം അന്ന് മന്ത്രിയായിരുന്ന പി. തിലോത്തമെന്റെ പ്രത്യേക ഇടപെടലിൽ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 20.37 കോടി രൂപ അനുവദിച്ച് 2021 ലാണ് പുനർനിർമാണം ആരംഭിച്ചത്. പ്രധാന റോഡിൽ പള്ളിക്കവലയിൽനിന്ന് നെടുമ്പ്രക്കാട് പാലം ആരംഭിക്കുന്നതു വരെയുള്ള 1750 മീറ്ററിലും വടക്ക് വിളക്കുമരം ഭാഗത്ത് പാലം ആരംഭിക്കുന്നിടത്തുനിന്ന് ഒരു കിലോമീറ്ററോളം ദൂരത്തിലും റോഡ് വീതി കൂട്ടി നിർമിക്കുന്നുണ്ട്. കാലപ്പഴക്കം ചെന്ന ചെങ്ങണ്ട പാലത്തിന് സമാന്തരമായി വയലാർ കായലിന് കുറുകെയാണ് നിർദിഷ്ടപാലം കടന്നുപോകുന്നത്.
ചേർത്തല-അരൂക്കുറ്റി റോഡിന് സമാന്തര യാത്രാമാർഗം ഇതിലൂടെ തുറക്കാനാകും. പള്ളിപ്പുറം ഇൻഫോപാർക്ക്, ഫുഡ്പാർക്ക് എന്നിവിടങ്ങളിലേക്ക് ചേർത്തലയിൽനിന്ന് എളുപ്പവഴിയിൽ കടന്നുപോകുന്ന പാലം ചേർത്തല നഗരസഭയുടെ വടക്കുകിഴക്കൻ മേഖലയുടെ സമഗ്രവികസനത്തിന് വഴിതെളിക്കാനും പള്ളിപ്പുറം പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ വേഗത്തിൽ എത്തിച്ചേരാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.