ചേർത്തല: വീടുകളിൽ അമിത വൈദ്യുതി പ്രവാഹമുണ്ടായതിനെത്തുടർന്ന് ഒന്നര വയസ്സുകാരന് പൊള്ളലേറ്റു. ഇലക്ട്രിക് ഉപകരണങ്ങൾ പൊട്ടിത്തെറിച്ചു. ചേർത്തല ഒറ്റപ്പുന്നക്ക് സമീപം കളത്തിപ്പറമ്പിൽ നാസറിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം.
വീടിന് വെളിയിൽ നിന്നിരുന്ന നാസറിന്റെ ഭാര്യ റഷീദക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. അടക്കള ഭാഗത്തെ കമ്പിയിൽ പിടിച്ച് നിൽക്കുകയായിരുന്നു നാസറിന്റെ മകൻ നദീറിന്റെ ഒന്നര വയസ്സുളള മകൻ ഇഷാനാണ് പൊള്ളലേറ്റത്. റഷീദ ഓടിയെത്തി കുട്ടിയെ തട്ടിത്തെറിപ്പിച്ചതിനാലാണ് രക്ഷപ്പെട്ടത്. കൈക്ക് പൊള്ളലേറ്റ കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം ഐ.സി.എച്ചിലും പ്രവേശിപ്പിച്ചു.
വീട്ടിലും പറമ്പിലുമൊക്കെ വൈദ്യുതി പ്രവാഹമുണ്ടായതായി നാസറും റഷീദയും പറഞ്ഞു. ബൾബുകളും ട്യൂബുകളും പൊട്ടിത്തെറിച്ചു. സംഭവം നടന്നയുടൻ പട്ടണക്കാട് കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് എത്തിയതെന്ന് വീട്ടുകാർ ആരോപിച്ചു.
സമീപത്തെ ചില വീടുകളിലും അമിത വൈദ്യുതി പ്രവാഹമുണ്ടായി. കാരണമെന്തെന്ന് വ്യക്തമല്ല. ഈ വീടുകൾക്ക് സമീപമാണ് 11 കെ.വി ഇലട്രിക് സ്റ്റേഷൻ ഉള്ളത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.