ചേർത്തല: വിപ്ലവ സമര പോരാട്ടത്തിന്റെ 77ാം വാർഷിക വാരാചരണത്തിന് വെള്ളിയാഴ്ച തുടക്കമായി. വയലാറിൽ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറും മേനാശ്ശേരിയിൽ സി.പി.ഐയുടെ മുതിർന്ന നേതാവ് എ.എൻ. രാജനും പതാക ഉയർത്തി. മേനാശ്ശേരിയിൽനിന്ന് ജാഥയായി എത്തിച്ച ചെങ്കൊടിയാണ് വയലാറിൽ ഉയർത്തിയത്.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും കൃഷി മന്ത്രിയുമായ പി. പ്രസാദ്, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ. സാബു സ്വാഗതം പറഞ്ഞു. സി.പി.എം-സി.പി.ഐ നേതാക്കളായ സി.ബി. ചന്ദ്രബാബു, എം.കെ. ഉത്തമൻ, കെ. പ്രസാദ്, ജി. വേണുഗോപാൽ, ഡി. സുരേഷ്ബാബു, മനു സി. പുളിക്കൽ, എൻ.എസ്. ശിവപ്രസാദ്, എ.എം. ആരിഫ് എം.പി, ടി.ടി. ജിസ്മോൻ, എൻ.ആർ. ബാബുരാജ്, എ.പി. പ്രകാശൻ, എൻ.പി. ഷിബു, ബി. വിനോദ്, ദലീമ ജോജോ എം.എൽ.എ, സന്ധ്യ ബെന്നി, ബീന അശോകൻ എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ മേനാശ്ശേരിയിൽനിന്ന് പുറപ്പെട്ട പതാകജാഥക്ക് പ്രധാനകേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
ചേർത്തല: ജനാധിപത്യവും സമത്വവും നീതിയും ഉറപ്പുനൽകുന്ന ഭരണഘടനക്ക് പകരം അധികാരത്തിന്റെ ചെങ്കോൽ പ്രതിഷ്ഠിക്കുകയും സർവവും കോർപറേറ്റുകൾക്ക് അടിയറവെക്കുകയും ചെയ്യുന്ന കേന്ദ്ര ഭരണത്തിനെതിരെ ജനകീയപോരാട്ടം വളർത്തണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
സംഘ്പരിവാറിന്റെ വർഗീയവാഴ്ചക്കും ജനാധിപത്യവിരുദ്ധ നയങ്ങൾക്കും കോർപറേറ്റുവത്കരണത്തിനും എതിരെ ശബ്ദിക്കുന്ന കേരളത്തെ പകയോടെയാണ് കേന്ദ്ര സർക്കാർ സമീപിക്കുന്നത്. സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കാനാണ് ശ്രമിക്കുന്നത്. യു.പിക്കും ബിഹാറിനും നൽകുന്ന തോതിൽ കേരളത്തിന് നികുതി വിഹിതം നൽകുന്നില്ല. എന്നാലും ആയിരക്കണക്കിന് കോടിയുടെ വിസകന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയലാർ: മതജാതി ഭിന്നതകൾ സൃഷ്ടിച്ച് ഭരണാധികാരം നിലനിർത്താനുള്ള സംഘ്പരിവാർ നീക്കം ചെറുക്കാൻ ജനങ്ങളെ യോജിപ്പിച്ച് അണിനിരത്തുകയാണ് പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ പിന്മുറക്കാരുടെ കടമയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ പറഞ്ഞു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തലിന് മുന്നോടിയായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് ആശയത്തെയും പ്രസ്ഥാനത്തെയും പുരോഗമന വാദികളെയും തകർക്കാനാണ് വർഗീയശക്തികളും കേന്ദ്ര ഭരണകൂടവും ശ്രമിക്കുന്നത്. പുന്നപ്ര-വയലാർ സമരത്തെ ഒറ്റുകൊടുത്തവരാണ് കേരളത്തിലെ പ്രതിപക്ഷം. അവർ വിമോചനസമരത്തിലൂടെയും അടിയന്തരാവസ്ഥയിലൂടെയും ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.