ചേർത്തല: രാമായണ ശീലുകളുമായി ഒരു കർക്കടകംകൂടിയെത്തുമ്പോൾ ഡോ. സന്തോഷ് തോമസിന് വായിക്കാൻ പിതാവ് രചിച്ച രാമായണമുണ്ട്. അർത്തുങ്കൽ വാണിവിലാസം കുരിശിങ്കൽ വീട്ടിൽ ഭിഷക്രത്നം തോമസ്കുട്ടി വൈദ്യർ എഴുതിയ അധ്യാത്മക രാമായണമാണ് (ഒരു ലളിതഭാഷാ മഹാകാവ്യം) മകൻ ഡോ. സന്തോഷ് തോമസ് നിധിപോലെ സൂക്ഷിക്കുന്നത്. 'സീതയാം ദേവിയെ കാണായ്ക കാരണാൽ സുഗ്രീവനോടുള്ള കാര്യം പറഞ്ഞ് ലങ്കാപുരിക്കന്ന് പോകുന്നതിനായി ശ്രീരാമദേവനൊരുമ്പെട്ട് നിൽക്കെ...' എന്നതാണ് തോമസ്കുട്ടി വൈദ്യർ രചിച്ച അധ്യാത്മക രാമായണത്തിെൻറ തുടക്കം.
കാണാതാവുന്ന സീതയെ അന്വഷിക്കുന്നതുമുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗങ്ങൾ 14 സർഗങ്ങളിലായാണ് രചന. 1970ൽ എഴുതിത്തുടങ്ങിയ രാമായണം 1976ലാണ് പൂർത്തീകരിച്ചത്. രാമായണ കാവ്യത്തിന് ആമുഖം എഴുതിയ സംസ്കൃത അധ്യാപകൻ കടനാട് ആർ. ദാമോദരൻ തോമസ് വൈദ്യരുടെ അപാര സംസ്കൃത പാണ്ഡിത്യത്തെക്കുറിച്ച് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പുരാണേതിഹാസങ്ങളോട് വൈദ്യർക്കുണ്ടായിരുന്ന തീക്ഷ്ണമായ ആവേശമാണ് രാമായണ രചനക്ക് പ്രചോദനമായതെന്ന് മക്കളും സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാർക്കുപോലും മനസ്സിലാക്കാവുന്നവിധം ലളിത ഭാഷശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. 1976ൽ പ്രസിദ്ധീകരിച്ച 161 പേജുള്ള അധ്യാത്മക രാമായണത്തിന് അഞ്ചുരൂപയായിരുന്നു വില. ബൈബിളിനേക്കാളും പഠിച്ചതും മക്കളെ പഠിപ്പിച്ചതും രാമായണംപോലുള്ള മതഗ്രന്ഥങ്ങളായിരുന്നു.
തോമസ് വൈദ്യർക്കും ഭാര്യ സാറാമ്മ തോമസിനുമായി ഒമ്പത് മക്കളാണുള്ളത്. എല്ലാവർക്കും ഹൈന്ദവ പേരുകളാണ് നൽകിയതെന്ന പ്രത്യകതയുമുണ്ട്. ശാന്തമ്മ, സതിയമ്മ, സരളമ്മ, സരസമ്മ, രാജമ്മ, തങ്കമണി, ജസിയമ്മ, കുട്ടിതോമസ്, സന്തോഷ് തോമസ് എന്നിങ്ങനെയാണ് പേരുകൾ. അധ്യാത്മക രാമായണം കൂടാതെ നീറുന്ന നിമിഷങ്ങൾ, തോബിയാസ്, ജോസഫ് ഈജിപ്തിൽ എന്നിങ്ങനെ മറ്റ് കൃതികളും തോമസ് വൈദ്യരുടെ രചനവൈഭവങ്ങളിലെ വേറിട്ട കൃതികളാണ്.
1978ൽ തോമസ്കുട്ടി വൈദ്യർ മരിച്ചു. ഏറ്റവും ഇളയ മകനും ആയുർവേദ ഡോക്ടറും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സന്തോഷ് തോമസ് 24 വർഷങ്ങൾക്കുശേഷം 2010ൽ അധ്യാത്മക രാമായണത്തിെൻറ പുതിയ പതിപ്പ് പുറത്തിറക്കി. പുസ്തകത്തിെൻറ പുറംചട്ടവരെ അദ്ദേഹമാണ് രൂപകൽപന ചെയ്തത്. ആയുർവേദത്തിലെ നേരറിവുകൾ എന്ന കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ മേരിക്കുട്ടി ലൂക്കോസ്, മകൾ നീലിമ തോമസ്, മരുമകൻ ജെയിംസ് മാത്യു, പേരക്കുട്ടി എഡ്വിൻ എന്നിവരോടൊപ്പം വാണിവിലാസത്തിലാണ് ഡോ. സന്തോഷ് തോമസിെൻറ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.