ചേർത്തല: ശ്രീനാരായണഗുരു ദാനം നൽകിയ സ്കൂൾ ഇന്നും ശോച്യാവസ്ഥയിൽ. ചേർത്തല ശ്രീനാരായണ ഗുരു മെമോറിയൽ ഗവ. ബോയ്സ് ഹൈസ്കൂളാണ് അവഗണനയിലായത്. ഗുരുവിന്റെ 63 ാം വയസ്സിൽ തണ്ണീർമുക്കം പുന്നെകാട്ട് ചിറയിൻ കണ്ടന്റെ അനന്തരവൻ അറുപതു വയസുള്ള കൊച്ചയ്യപ്പൻ ചേർത്തല സബ് രജിസ്ട്രാർ മുമ്പാകെ ശ്രീനാരായണ ഗുരുവിന് എഴുതി കൊടുത്ത ദാനാധാരമാണ് ഇന്ന് സ്കൂൾ നിൽക്കുന്നിടം. ആലുവ അദ്വൈതാശ്രമത്തിൽ ഉണ്ടായിരുന്ന ഗുരുവിന് അന്ന് നാല് രൂപ വിലയുള്ള മുദ്രപത്രത്തിൽ 258/10 എന്ന സർവേ നമ്പറിൽ പ്രമാണം രജിസ്ട്രർ ചെയ്തു. ആശ്രമത്തിനായാണ് കെച്ചയ്യപ്പൻ 36 സെന്റ് സ്ഥലം നൽകിയത്. പിന്നീട് ഗുരു ശിഷ്യരുമൊന്നിച്ച് ഇവിടെയെത്തി ആശ്രമം സ്ഥാപിച്ചു പൂജാദി കർമങ്ങളും അനുഷ്ഠിച്ചിരുന്നു.
കാലക്രമേണ ഗുരുവിന്റെ വിശ്വസ്ത ശിഷ്യരിൽ ഒരാളായി മാറുകയും ചെയ്തു കൊച്ചയ്യപ്പൻ. ചേർത്തലയിൽ ഒരു ഹൈസ്കൂൾ പോലുമില്ലായിരുന്ന കാലമായിരുന്നു. മിഡിൽ സ്കൂൾ പരീക്ഷ ജയിക്കുന്ന കുട്ടികൾ ഉപരിപഠനത്തിന് മാർഗമില്ലാതെ കഷ്ടപ്പെട്ടിരുന്ന കാലം. ചേർത്തല സ്വദേശി മുറിവേലി പാച്ചുപിള്ള വക്കീലാണ് ഗുരുവിനെ ചേർത്തലയിൽ ഒരു ഹൈസ്കൂൾ ഇല്ലെന്ന് ധരിപ്പിച്ചത്. ഇതറിഞ്ഞ ഗുരു ഹൈസ്കൂൾ നിർമിക്കാൻ തീരുമാനിച്ചു. ചേർത്തലയിലെ പ്രമുഖനായ കട്ടിയാട്ട് ശിവരാമ പണിക്കരുടെ നേതൃത്വത്തിൽ ഇതിനായി പണം കണ്ടെത്താനായിരുന്നു അടുത്ത തീരുമാനം. സമൂഹത്തുള്ളവരിൽനിന്ന് പിരിവെടുത്താണ് സ്കൂളിനായി ചെറിയ കെട്ടിടം പണിതത്.
തുടർന്ന് സർക്കാർ അംഗീകാരവും ലഭിച്ചതോടെ ഗവ. ബോയ്സ് ഹൈസ്കൂൾ എന്ന് പേരും വന്നു. വയലാർ രാമവർമ്മ, വയലാർ രവി, എ.കെ ആന്റണി തുടങ്ങി പ്രഗത്ഭർ ഇവിടെ നിന്നുമാണ് പഠിച്ചിറങ്ങിയത്. എന്നാൽ അക്കാലത്ത് വേണ്ടത്ര ശ്രദ്ധ സ്കൂളിന് ലഭിച്ചില്ല. നിലവിൽ കെട്ടിടങ്ങൾ എല്ലാം കാലപ്പഴക്കത്താൽ തകർന്ന അവസ്ഥയാണ്. സ്കൂളിന്റെ വടക്ക് വശത്തുള്ള കെട്ടിടം എ.ഇ.ഒ ഓഫിസായി മാറ്റിയെങ്കിലും ഈ കെട്ടിടവും തകർന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.