ചേർത്തല: ശ്രീനാരായണഗുരു ദാനം നൽകിയ ചേർത്തല ശ്രീനാരായണ ഗുരു മെമ്മോറിയൽ ഗവ. ബോയ്സ് ഹൈസ്കൂൾ അവഗണനയിൽ. ഗുരുവിെൻറ 63ാം വയസ്സിൽ തണ്ണീർമുക്കം പുന്നെക്കാട്ട് ചിറയിൻ കണ്ടെൻറ അനന്തരവൻ 60 വയസ്സുള്ള കൊച്ചയ്യപ്പൻ ചേർത്തല സബ് രജിസ്ട്രാർ മുമ്പാകെ ശ്രീനാരായണ ഗുരുവിന് എഴുതിക്കൊടുത്ത ദാനാധാരമാണ് ഇന്ന് സ്കൂൾ നിൽക്കുന്നിടം. ആലുവ അദ്വൈതാശ്രമത്തിൽ ഉണ്ടായിരുന്ന ഗുരുവിന് അന്ന് നാലുരൂപ വിലയുള്ള മുദ്രപ്പത്രത്തിൽ 258/10 സർവേ നമ്പറിലാണ് പ്രമാണം രജിസ്റ്റർ ചെയ്തത്. ആശ്രമത്തിനായാണ് കൊച്ചയ്യപ്പൻ 36 സെൻറ് സ്ഥലം നൽകിയത്. പിന്നീട് ഗുരുവും ശിഷ്യരും ഒന്നിച്ച് ഇവിടെയെത്തി ആശ്രമം സ്ഥാപിച്ച് പൂജാദി കർമങ്ങൾ അനുഷ്ഠിച്ചിരുന്നു. കാലക്രമേണ ഗുരുവിെൻറ വിശ്വസ്ത ശിഷ്യരിൽ ഒരാളായി മാറി കൊച്ചയ്യപ്പൻ. അക്കാലത്ത് ചേർത്തലയിൽ ഹൈസ്കൂൾ ഇല്ലായിരുന്നു. ചേർത്തല സ്വദേശി മുറിവേലി പാച്ചുപിള്ള വക്കീലാണ് ഗുരുവിനെ ചേർത്തലയിൽ ഹൈസ്കൂൾ ഇല്ലെന്ന് ധരിപ്പിച്ചത്. ഇതറിഞ്ഞ ഗുരു ഹൈസ്കൂൾ നിർമിക്കാൻ തീരുമാനിച്ചു.
കട്ടിയാട്ട് ശിവരാമ പണിക്കരുടെ നേതൃത്വത്തിൽ പണം കണ്ടെത്താനായിരുന്നു തീരുമാനം. പിരിവെടുത്താണ് ചെറിയ കെട്ടിടം പണിതത്. തുടർന്ന് സർക്കാർ അംഗീകാരവും ലഭിച്ചതോടെ ഗവ. ബോയ്സ് ഹൈസ്കൂൾ എന്ന് പേരും വന്നു. വയലാർ രാമവർമ, വയലാർ രവി, എ.കെ. ആൻറണി തുടങ്ങിയ പ്രഗല്ഭർ ഇവിടെനിന്നാണ് പഠിച്ചിറങ്ങിയത്. 1997-98 കാലഘട്ടത്തിലാണ് ആദ്യ പി.ടി.എ നിലവിൽ വരുന്നത്. ആദ്യയോഗത്തിൽ ചേർത്തല നഗരസഭ 26ാം വാർഡ് വല്ലയിൽ വി.ആർ. കാർത്തികനാണ് ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹൈസ്കൂൾ എന്ന് സ്കൂളിന് പേര് നൽകണമെന്ന് പറഞ്ഞത്. പിന്നീട് സർക്കാർ ഇത് അംഗീകരിച്ചു.
നിലവിൽ കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ തകർന്ന അവസ്ഥയാണ്. സ്കൂളിെൻറ വടക്ക് വശത്തുളള കെട്ടിടം എ.ഇ.ഒ ഓഫിസായി മാറ്റിയെങ്കിലും ഈ കെട്ടിടവും തകർന്ന അവസ്ഥയാണ്. ചേർത്തല താലൂക്ക് സമാധി ദിനാചരണ കമ്മിറ്റിയും ചേർത്തല ശ്രീനാരായണ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് ശ്രീനാരായണഗുരു സമാധി ദിനം ആചരിക്കും.
ചൊവ്വാഴ്ച രാവിലെ സ്കൂൾ സീനിയർ അസി. കെ. ബിന്ദു സ്കൂളിൽ പതാക ഉയർത്തും.10.30ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽനിന്ന് ദീപശിഖ റാലി പ്രിൻസിപ്പൽ ടി. ലേജുമ്മാൾ ദീപശിഖ ഏറ്റുവാങ്ങും. 2.30ന് നടക്കുന്ന പ്രാർഥനയോഗത്തിൽ കൃഷിമന്ത്രി പി. പ്രസാദ് ഗുരു അനുസ്മരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.