ചേർത്തല: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജങ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത അംഗീകരിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇവിടങ്ങളിൽ അടിപ്പാതക്ക് അനുമതി ഉണ്ടായിരുന്നില്ല.
തുടർന്ന് വിഷയത്തിൽ ഇടപെട്ട കൃഷി മന്ത്രി പി. പ്രസാദ് തിരുവിഴ ജങ്ഷൻ, തങ്കി കവല, ചേർത്തല റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും അന്നത്തെ സഹമന്ത്രി വി.കെ. സിങ്ങിനെയും നേരിൽ കണ്ട് കത്ത് നൽകിയിരുന്നു. റെയിൽവേ സ്റ്റേഷന് മുമ്പി അടിപ്പാതക്ക് റെയിൽവേ സ്ഥലം അനുവദിക്കാത്തതിനാൽ നിലവിൽ അനുമതി ലഭിച്ചിട്ടില്ല. അതിനായി ശ്രമം നടക്കുന്നതായി മന്ത്രി പറഞ്ഞു.
ചേർത്തല പൊലീസ് സ്റ്റേഷന് സമീപമുള്ള ഹൈവേ പാലം കാലപ്പഴക്കം കൊണ്ടും വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമില്ലാത്തതുകൊണ്ടും നിലവിൽ ഉള്ളതിൽ നിന്നും ഉയർത്തി പണിത് പാലത്തിന് കീഴിലൂടെ അടിപ്പാത അനുവദിക്കണമെന്നും കൃഷി മന്ത്രി ആവശ്യപെട്ടിരുന്നു. ഇതും അംഗീകരിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. ദേശീയ പാത ഒഴിവാക്കി ആലപ്പുഴയിലേക്ക് യാത്ര സുഗമമാക്കുന്നതിന് ഈ റോഡുകൾ വികസിപ്പിക്കുന്നതിലൂടെ സാധിക്കും. ഈ പാതകൾ കൂടി അനുവദിച്ചതോടെ ചേർത്തല നഗരപരിധിയിൽ കാർത്യായനി ജങ്ഷൻ, അർത്തുങ്കൽ റോഡ്, ഹൈവേ പാലം, എക്സ്റേ ജങ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത ലഭ്യമാകുമെന്നും മന്ത്രിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.