ചേർത്തല: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ കുറിച്ച് ഉൾപ്പെടെ വ്യാപക പരാതികൾ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. പൂച്ച കടിച്ചതിനെ തുടർന്ന് പേവിഷബാധക്കെതിരെ കുത്തിവെപ്പെടുത്ത വിദ്യാർഥിയുടെ ശരീരം തളരുകയും കാഴ്ചശക്തി കുറയുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുത്തിവെപ്പിനെ തുടർന്ന് കുട്ടിക്ക് അവശത ഉണ്ടായെന്ന പരാതി തനിക്ക് കിട്ടിയപ്പോൾതന്നെ നിയമസഭയിൽ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
അപ്പോൾ തന്നെ ആരോഗ്യമന്ത്രി വീണ ജോർജ് ജില്ല അസിസ്റ്റൻറ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണ ചുമതല ഏൽപ്പിച്ചു. അന്വേഷണത്തിൽ ഉത്തരവാദിത്തപ്പെട്ട ആളുകളുടെ ഭാഗത്തുനിന്ന് പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കും. ചേർത്തല നഗരസഭ ഇരുപതാം വാർഡിൽ കോര്യംപ്പള്ളി നികർത്തൽ പ്രദീപ്കുമാർ - അജിത ദമ്പതികളുടെ മകൻ കാർത്തിക്കിന് (14 ) വാക്സിൻ എടുത്തപ്പോഴുള്ള പിഴവ് സംബന്ധിച്ച് ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ആരോഗ്യ മന്ത്രി വീണ ജോർജിനും ബാലാവകാശ കമീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.
ബാലാവകാശ കമീഷൻ അംഗം ജലജ ഈമാസം 10ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്ന സിറ്റിങ്ങിൽ പങ്കെടുത്ത് പ്രശ്നം വിശദീകരിക്കാൻ രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരോടും പ്രഫസർമാരോടും കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരോടും ബാലാവകാശ കമീഷൻ വിശദീകരണം തേടും. ജനുവരി 19 രാത്രിയിലായിരുന്നു കാർത്തിക്കിനെ പൂച്ചമാന്തിയത് . തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിൽ പേ- വിഷബാധക്കുള്ള റാബീസ് വാക്സിൻ എടുക്കാനെത്തിയപ്പോൾ വണ്ടാനം മെഡിക്കൽ കോളജിലേക്ക് അയച്ചു.
ആദ്യ കുത്തിവെപ്പ് അവിടെ എടുത്തശേഷം 22ന് തുടർ ചികിത്സക്ക് വീണ്ടും താലൂക്കാശുപത്രിയിൽ എത്തി. രണ്ടാമത്തെ കുത്തിവെപ്പും മൂന്നാമത്തെ കുത്തിവെപ്പും താലൂക്ക് ആശുപത്രിയിൽ എടുത്തതോടെ ശരീരത്തിന് അവശതകൾ ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയത്. ഇതോടെയാണ് ചികിത്സ പിഴവ് കാട്ടി കുടുംബം ആരോഗ്യ മന്ത്രിക്കും ബാലാവകാശ കമീഷനും മന്ത്രി പി.പ്രസാദിനും പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.