ചേർത്തല: വീടുകളിൽ പൈപ്പുകളിലൂടെ പാചകവാതകം എത്തിക്കുന്ന 'സിറ്റി ഗ്യാസ്' പദ്ധതിയുടെ ആദ്യഘട്ട വിതരണം ഓണത്തോടനുബന്ധിച്ച് തുടങ്ങാൻ നീക്കം തകൃതി.
മഴ സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും പൈപ്പ് സ്ഥാപിക്കൽ ഉൾപ്പെടെ പ്രവർത്തനങ്ങൾ ഊർജിതമാണ്. പൈപ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി) ആണ് വീടുകളിൽ ലഭിക്കുക.
പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (പി.എൻ.ജി.ആർ.ബി) നേതൃത്വത്തിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി ആൻഡ് പി) പദ്ധതിയുടെ നിർവഹണച്ചുമതല.
ജില്ലയിൽ ആദ്യം ചേർത്തലയിലാണ് സിറ്റി ഗ്യാസ് കണക്ഷൻ വരുന്നത്. വയലാർ പഞ്ചായത്തിൽ 2000 കണക്ഷൻ പൂർത്തിയായി വരുന്നതായി അധികൃതർ പറഞ്ഞു. ചേർത്തല നഗരസഭ പരിധിയിൽ പൈപ്പ് സ്ഥാപിക്കൽ ജോലികൾ നടക്കുകയാണ്. വയലാറിൽ 500 കണക്ഷനെങ്കിലും നൽകി ആദ്യഘട്ട വിതരണം ഓണത്തോടനുബന്ധിച്ചു നടത്താനാണ് ഉദ്ദേശിക്കുന്നത്.
പുതിയ സംവിധാനമായതിനാൽ ഘട്ടം ഘട്ടമായി ഓരോ നീക്കവും പരിശോധിച്ച ശേഷമാകും കണക്ഷനുകൾ നൽകുക. വാതകത്തിന്റെ ശേഖരണ -വിതരണശാല തങ്കി കവലയിൽ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി വരുകയാണ്. ഇവിടെ 65 സെന്റിൽ രണ്ട് യൂനിറ്റ് ഉപകരണങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയപാത വികസന നടപടികൾ നടക്കുന്നതിനാൽ തൽക്കാലം കളമശ്ശേരിയിലെ പ്ലാന്റിൽനിന്ന് കണ്ടെയ്നറിൽ ദ്രാവകമായി കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) തങ്കിയിൽ എത്തിച്ച് പി.എൻ.ജി ആക്കി മാറ്റി സംഭരിക്കുകയും പൈപ്പിലൂടെ വിതരണം ചെയ്യുകയുമാണുണ്ടാകുക. 12 ഇഞ്ചിന്റെ സ്റ്റീൽ പൈപ്പാണ് പ്രധാന റോഡരികിൽ ഭൂമിക്കടിയിലൂടെ സ്ഥാപിക്കുന്നത്.
ദേശീയപാത വികസനം കഴിഞ്ഞാൽ തങ്കിക്കവലയിലെ പ്ലാന്റ് ഉപയോഗിക്കാതെ കളമശ്ശേരിയിലെ പ്ലാന്റിൽനിന്ന് റോഡിനടിയിലെ പൈപ്പിലൂടെ നേരിട്ട് വാതകമെത്തും. വയലാർ, ചേർത്തല നഗരസഭ എന്നിവിടങ്ങളിൽ നൽകിത്തുടങ്ങിയ ശേഷം സമീപ പഞ്ചായത്തുകളിലേക്കും ആലപ്പുഴ ഭാഗത്തേക്കും പൈപ്പ് സ്ഥാപിക്കും. വീടുകളിലേക്ക് പൈപ്പ് സ്ഥാപിക്കുന്നതിനൊപ്പം മീറ്ററും ഉണ്ടാകും. ഇത് പരിശോധിച്ച് ഉപയോഗിച്ച വാതകത്തിനു മാത്രം പണം നൽകിയാൽ മതിയാകും. സിലിണ്ടർ വേണ്ട. സാധാരണ സ്റ്റൗ തന്നെ ഉപയോഗിക്കാമെങ്കിലും അതിൽ ചെറിയ മാറ്റങ്ങൾ നിർവഹണ ഏജൻസി വരുത്തും. എൽ.പി.ജിയെക്കാൾ വിലക്കുറവ്, സിലിണ്ടർ സൂക്ഷിക്കേണ്ട, അപകടസാധ്യതയില്ല, മലിനീകരണ പ്രശ്നങ്ങളില്ല തുടങ്ങിയവയാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതയായി കമ്പനി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.