മുഹമ്മ: കൈലിമുണ്ടുമുടുത്ത് മുല്ലപ്പൂവും ചൂടി പാടവരമ്പത്ത് വിത്ത് എറിയാൻ കലക്ടർ ഡോ. രേണുരാജ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഈ വർഷത്തെ നെൽകൃഷിക്ക് തുടക്കം കുറിച്ച് നാലാം വാർഡിലെ കടമ്പൊഴി പാടശേഖരത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കലക്ടർ എത്തിയത്.
കലക്ടർക്ക് സംഘാടകർ നൽകിയ പച്ചക്കറി ബൊക്കെയും മുല്ലപ്പൂ മാലയും കൈലിമുണ്ടും സ്നേഹപൂർവം സ്വീകരിക്കുകയും കർഷക വേഷത്തിൽ പാടവരമ്പത്ത് എത്തി വിത്ത് വിതക്കുകയും ചെയ്തു. 30 വർഷമായി തരിശുകിടന്ന പാടശേഖരത്തിലാണ് 'ഞങ്ങളും കൃഷിയിലേക്ക്' എന്ന കൃഷി വകുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ്മയിലൂടെ കൃഷിയിറക്കുന്നത്.
പ്രകൃതിയും കാലാവസ്ഥയും എല്ലാം പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കൃഷിയിലൂടെയും നെൽവയൽ സംരക്ഷണത്തിലൂടെയും കഴിയുമെന്നും അതിനായി കൂടുതൽ യുവാക്കൾ കാർഷിക മേഖലയിലേക്ക് കടന്നുവരണമെന്നും കലക്ടർ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് പ്രസിഡൻറ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ സുരേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബൈരഞ്ജിത്ത്, കൃഷി ഓഫിസർ ജാനിഷ് റോസ്, എൻ.കെ. നടേശൻ, എൻ.പി. ധനുഷ് തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ അനില, സുരേഷ്, അജന, വി.സി. പണിക്കർ, പി. ലളിത, പി. ദീപുമോൻ, സി.കെ. ശോഭൻ, മിനി പവിത്രൻ, എസ്. ചെല്ലപ്പൻ, വി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.